കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന്റെ ഫോട്ടോ എടുത്തെന്ന് ആരോപിച്ച് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരും പ്രദേശവാസികളായ 12 പേരുമടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. താമരശേരി സി.ഐക്കാണ് കേസിന്റെ അന്വേഷണചുമതലയെന്ന് കോഴിക്കോട് റൂറല്‍ എസ്.പി അറിയിച്ചു.

മര്‍ദനമേറ്റതിനെ തുടര്‍ന്ന് യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാനോ, ആക്രമിച്ചവരെ പിടികൂടാനോ പോലീസ് തയാറായിരുന്നില്ല. പരാതി സ്വീകരിക്കാന്‍ പോലീസ് വിസമ്മതിച്ചതായും തങ്ങളെ പോലീസ് മുട്ട് കുത്തിച്ച് നിര്‍ത്തിച്ചതായും യുവാക്കള്‍ പറഞ്ഞു.

മര്‍ദനത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ ഒരാളുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ