കൊച്ചി: പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വെള്ളമെടുക്കുന്ന തടയണ രണ്ടാഴ്ചക്കകം പൊളിച്ചുനീക്കും. തടയണ 15 ദിവസത്തിനകം പൊളിച്ചു നീക്കുമെന്ന് മലപ്പുറം കലക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു. തടയണ സ്വന്തം നിലയ്ക്ക് പൊളിക്കാമെന്ന് സ്ഥലം ഉടമ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് കോടതി കലക്ടറോട് നടപടിക്ക് നിര്‍ദേശിച്ചത്.
പത്ത് മീറ്റര്‍ ഉയരമുള്ള തടയണയുടെ മുകള്‍ ഭാഗത്ത് 12 മീറ്റര്‍ വീതിയിലും അടിഭാഗത്ത് ആറ് മീറ്റര്‍ വീതിയിലും പൊളിക്കുമെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ട്. സ്ഥലം ഉടമയോട് ജില്ലാ ഭരണകൂടവുമായി സഹകരിക്കാന്‍ കോടതി നിര്‍ദേശിച്ചു.
Read Also: പി.വി.അന്‍വറിന് തിരിച്ചടി; ഒരാഴ്ചക്കകം തടയണ പൊളിച്ചുനീക്കണം
നാട്ടുകാരുടെ കുടിവെള്ള സ്രോതസ് കെട്ടിയടച്ച പരാതിയില്‍ തടയണ പൂര്‍വ സ്ഥിതിയിലാക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് സ്ഥലം ഉടമയും അന്‍വറിന്റെ ഭാര്യാപിതാവുമായ അബ്ദുള്‍ ലത്തീഫ് തടയണ പരിസ്ഥിതിക്ക് ദോഷകരമാണെന്നു ചൂണ്ടിക്കാട്ടി ആലുവ റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലുമാണ് കോടതിയെ സമീപിച്ചത്. തടയണ പൊളിച്ച് 15 ദിവസത്തിനുള്ളില്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
മേയ് 30 നകം തന്നെ തടയണ പൊളിച്ചുനീക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, അത് ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതി അന്ത്യശാസനം പുറപ്പെടുവിച്ചത്. ജില്ലാ ജിയോളജിസ്റ്റ് തടയണ പൊളിച്ചുനീക്കാന്‍ മേല്‍നോട്ടം വഹിക്കുമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിക്കുകയായിരുന്നു. ചീങ്കണ്ണിപ്പാലയിലെ തടയണയില്‍ നിന്ന് വെള്ളം ഒഴുക്കി കളഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും തടയണ പൊളിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേരളത്തിലുണ്ടായ പ്രളയത്തെ കുറിച്ചും ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി.
Read More: Kerala News Live ഇന്നത്തെ കേരള വാർത്തകൾ ഒറ്റനോട്ടത്തിൽ
അൻവറിന്റെ ഭാര്യാപിതാവിന്റെ ഭൂമിയിലാണ് തടയണ നിർമിച്ചിട്ടുള്ളത്. തടയണ സ്വന്തമായി പൊളിച്ചു നീക്കിക്കൊള്ളാമെന്ന് ഭാര്യാപിതാവ് നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഭാഗികമായി മാത്രമാണ് പൊളിച്ചുനീക്കിയത്. ഇതിൽ കോടതി വിമർശനമുന്നയിച്ചു. ഉത്തരവ് പൂർണമായും പാലിക്കാത്തതിന് അൻവറിന്റെ ഭാര്യാപിതാവിന്റെ അഭിഭാഷകൻ കോടതിയിൽ ക്ഷമാപണം നടത്തി.
ശക്തമായ മഴ ഉണ്ടായാൽ വെള്ളം കെട്ടി നിൽക്കുമെന്നും ജിയോളജിസ്റ്റിന്റെ റിപ്പോർട്ടുണ്ടെന്നും ഹർജിക്കാരായ ആലുവ റിവർ പ്രൊട്ടക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി. തടയണ അവിടെ ഉണ്ടാവരുതെന്ന് കോടതി ശക്തമായ താക്കീത് നൽകി. കഴിഞ്ഞ പ്രളയത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് കോടതി നിർദേശിച്ചു.