കൊച്ചി: പി.വി.അൻവർ എംഎൽഎയുടെ വാർട്ടർ തീം പാർക്കിലേക്ക് വെള്ളമെടുക്കാൻ നിർമിച്ച തടയണ പൂർണമായും പൊളിച്ചു നീക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജിയോളജി-റവന്യൂ ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തിയെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഒക്‌ടോബർ 24 നകം റിപ്പോർട്ട് സമർപ്പിക്കണമെന്നു സർക്കാരിന് കോടതി നിർദേശം നൽകി.

മലപ്പുറം ചീങ്കണ്ണിപ്പാലയിൽ അൻവറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് അനധികൃതമായി തടയണ നിർമിച്ചത്. കുടിവെള്ള സ്രോതസ് തടഞ്ഞെന്ന നാട്ടുകാരുടെ പരാതിയിൽ തടയണ പൊളിക്കാൻ കല‌ക്ടർ ഉത്തരവിട്ടെങ്കിലും അൻവറിന്റെ ഭാര്യാപിതാവ് സി.കെ.അബ്ദുൾ ലത്തീഫ് കോടതിയെ സമീപിക്കുകയായിരുന്നു.

Read Also: പി.വി.അന്‍വറിന് തിരിച്ചടി; തടയണ പൂര്‍ണമായി പൊളിച്ചുനീക്കണമെന്ന് കോടതി

തടയണ പൊളിക്കാൻ കോടതി നിർദേശിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞു കാലതാമസം വരുത്തി. കാലവർഷത്തിനുമുൻപ് തടയണ പുർണമായും നീക്കാൻ നിർദേശിച്ചിട്ടും നടപടിയുണ്ടായില്ല. ഒടുവിൽ തടയണ അവിടെ പാടില്ലെന്നു കോടതി അന്ത്യശാസനം നൽകിയതോടെയാണ് പൂർണമായും പൊള്ളിച്ചതായി കോടതിയെ അറിയിച്ചത്. തടയണ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പരാതിക്കാർക്കും നാട്ടുകാർക്കും പ്രവേശനം നിഷേധിച്ചായിരുന്നു പൊളിക്കൽ നടപടികൾ. കോടതിയിൽ നിന്ന് ഏറെ വിമർശനങ്ങൾ കേട്ടതിനു പിന്നാലെയാണ് തടയണ പൊളിച്ചുനീക്കൽ നടപടി ആരംഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.