തിരുവനന്തപുരം: പി.വി.അൻവറിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറികൊണ്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് അന്വേഷണ ചുമതല. കോടതി നിർദേശത്തെ തുടർന്നാണ് ക്രൈംബ്രാഞ്ചിനെ കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
പ്രവാസി വ്യവസായിയെ കബളിപ്പിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിരിക്കുന്നത്. 2017 ഡിസംബറിൽ റജിസ്റ്റർ ചെയ്ത കേസിൽ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും കുറ്റപ്പത്രം പോലും പൊലീസ് സമർപ്പിച്ചില്ലെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരൻ കോടതിയെ സമീപിച്ചിരുന്നു.
ഇതേതുടർന്നാണ് കേസ് ക്രൈബ്രാഞ്ചിന് കൈമാറാൻ കോടതി നിർദേശിച്ചത്. പി.വി.അൻവറിന്റെ പുനഃപരിശോധന ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഉത്തരവ് പ്രകാരം മലപ്പുറം സാമ്പത്തിക കുറ്റാനേഷ്വണ വിഭാഗമായിരിക്കും അന്വേഷണം നടത്തുക.
മംഗലാപുരത്തുള്ള ക്വാറികളിലെ തന്റെ ക്രഷർ ബിസിനസ് സംരംഭത്തിൽ പങ്കാളിത്തം വാഗ്‌ദാനം ചെയ്ത് 50 ലക്ഷം രൂപ എംഎൽഎ തട്ടിയെടുത്തതായാണ് കേസ്. ബിസിനസിലെ ലാഭവിഹിതം വേണമെന്നാണ് ഹർജിക്കാരന്റെ അവശ്യം. കേസ് ഡയറി ഉൾപ്പെടെ പരിശോധിച്ചാണ് ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം നൽകിയത്.