മലപ്പുറം: പി.വി അൻവർ എംഎൽഎക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. സാമ്പത്തിക തട്ടിപ്പ് കേസിൽ എം.എൽ.എയ്ക്ക് പങ്കുണ്ടെന്ന് പരാതിയിലാണ് കോടതി ഉത്തരവ്. 50 ലക്ഷം രൂപയുടെ തട്ടിപ്പ് പി.വി അൻവർ നടത്തിയെന്നാണ് ആരോപണം.
ഒരുമാസത്തിനകം ഇതുസംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. അന്വേഷണത്തിനു കോടതിയാവും മേൽനോട്ടം വഹിക്കുക. രാഷ്ട്രീയ സമ്മർദ്ദം നിലനിൽക്കുന്നതിനാൽ മഞ്ചേരി പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പാണക്കാട് സ്വദേശി സലിം നടുത്തൊടി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
മംഗലാപുരത്തുള്ള ക്വാറികളിലെ തന്റെ ക്രഷർ ബിസിനസ് സംരംഭത്തിൽ പങ്കാളിത്തം വാഗ്‌ദാനം ചെയ്ത് 50 ലക്ഷം രൂപ എം.എൽ.എ തട്ടിയെടുത്തതായാണ് കേസ്. ബിസിനസിലെ ലാഭവിഹിതം വേണമെന്ന് ആവശ്യപ്പെട്ടു ഹർജിക്കാരന്റെ അവശ്യം. കേസ് ഡയറി ഉൾപ്പെടെ പരിശോധിച്ചാണ് ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.