പെരിന്തൽമണ്ണ: പി.വി.അൻവർ എംഎൽഎയുടെ അനധികൃത തടയണ നിർമാണത്തിനെതിരെ നടപടി. നിയമം ലംഘിച്ച് ചീങ്കണ്ണിപ്പാലയിൽ നിർമിച്ച തടയണ പൊളിക്കണമെന്ന് നിർദേശം. ദുരന്തനിവാരണ സമിതിയാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നാണ് ഉത്തരവ്. ചെറുകിട ജലസേചന വകുപ്പിനാണ് തടയണ പൊളിക്കാനുള്ള ചുമതല. കലക്ടറുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന യോഗത്തിലാണ് തീരുമാനം.

തടയണ സ്ഥലമുടമസ്ഥൻ പൊളിച്ചു മാറ്റാത്ത പക്ഷം ജില്ലാ ഭരണകൂടം ഇടപെടുമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു. സ്ഥലം ഉടമസ്ഥൻ ഇതിനുള്ള ചെലവ് വഹിക്കണമെന്നും നിർദേശമുണ്ട്.

ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിർമിച്ചതെന്ന് പെരിന്തൽമണ്ണ ആർഡിഒ മലപ്പുറം കലക്ടർക്ക് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് എംഎൽഎ ചീങ്കണ്ണിപ്പാലയിൽ തടയണ നിർമിച്ചതെന്ന് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ആർഡിഒയെ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ