കൊല്ലം: 111 പേര്‍ ദാരുണമായി മരിച്ച പുറ്റിങ്ങല്‍ വെടിക്കെട്ടപകടം അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പെടെ 59 പേരെ പ്രതികളാക്കിയുള്ള കുറ്റപത്രം ഇന്നു കൊല്ലം കോടതിയിലാണ് സമര്‍പ്പിക്കുന്നത്.

ഉയര്‍ന്ന പൊലീസ്‌ ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥയും വീഴ്‌ചയുമാണ്‌ അപകടത്തിന്  കാരണമായതെന്ന്‌ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ വെടിക്കെട്ടിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് ആദ്യ കുറ്റപത്രം. പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പ്രത്യേകമായി അന്വേഷിക്കാനാണു തീരുമാനം. ഇത് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.

അനുമതിയില്ലാതെ മത്സരക്കമ്പം നടത്തിയവരെയാണ് കുറ്റപത്രത്തില്‍ ചേര്‍ത്തത്. 66 വാല്യങ്ങളുളളതാണ് കുറ്റപത്രം. 1500ല്‍ അധികം സാക്ഷികളാണുളളത്. ഇതില്‍ പരുക്കേറ്റവരാണ് മിക്ക സാക്ഷികളും. കൊലപാതകം, അനുമതിയില്ലാതെ സ്ഫോടക വസ്തുക്കള്‍ കൈവശം വയ്ക്കല്‍ എന്നിങ്ങനെ പത്തോളം കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ, 2016 ഏപ്രില്‍ പത്തിനായിരുന്നു കേരളത്തെ നടുക്കിയ ദുരന്തം. അപകടത്തില്‍ മുന്നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. വിദഗ്‌ധ ഡോക്‌ടര്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അന്നുതന്നെ പറന്നെത്തി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യമുയര്‍ന്ന വെടിക്കെട്ടപകടത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ജസ്‌റ്റിസ്‌ എന്‍.കൃഷ്‌ണന്‍ നായരെ ഏകാംഗ കമ്മിഷനായി നിയോഗിച്ച്‌ ദീര്‍ഘകാലം കഴിഞ്ഞിട്ടും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയോ ഫണ്ട്‌ അനുവദിക്കുകയോ ചെയ്‌തില്ല. അദ്ദേഹം പിന്മാറിയതിനെത്തുടര്‍ന്നു ജസ്‌റ്റിസ്‌ പി.എസ്‌.ഗോപിനാഥിനെ അന്വേഷണത്തിനു ചുമതലപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ