എറണാകുളം: പുതുവൈപ്പ് സമരക്കാരെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഉണ്ടായത് നാടകീയ രംഗങ്ങൾ. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന സമരസമിതി പ്രവർത്തകരെ ഞാറയ്ക്കൽ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോടതിയിൽ ഹാജരാക്കിയ സമരസമിതി പ്രവർത്തകർ തങ്ങൾക്കു ജാമ്യം വേണ്ടെന്നും റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതാണ് കോടതിയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
എന്നാൽ റിമാൻഡ് ചെയ്യണമെന്ന സമരസമിതി പ്രവർത്തകരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. റിമാൻഡ് ചെയ്യാൻ തക്ക കുറ്റങ്ങൾ ഇല്ലെന്നും കോടതിയിൽ പിഴ കെട്ടിവയ്ക്കാനും കോടതി നിർദേശിച്ചു. കോടതി നടപടികൾക്കു തടസം സൃഷ്ടിക്കാതെ കോടതി വിട്ട് പുറത്തുപോകണമെന്നും ജഡ്ജി സമരക്കാരോട് ആവശ്യപ്പെട്ടു. പോലീസിന്‍റെ ഭാഗത്തുനിന്നു തങ്ങൾക്കു പീഡനങ്ങൾ ഉണ്ടായെന്നും സമരം അടിച്ചമർത്താൻ പോലീസ് ലാത്തിച്ചാർജു നടത്തിയെന്നും സമരക്കാർ കോടതിയെ ബോധിപ്പിച്ചു.