കൊച്ചി: പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി സംഭരണ കേന്ദ്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിനെ തുടർന്ന് പ്രക്ഷോഭവും പൊലീസ് ലാത്തിച്ചാർജും നടന്നിടത്ത് വീണ്ടും സംഘർഷ സാധ്യത. രാവിലെ പൊലീസിന് നേരെ കല്ലെറിഞ്ഞത് സമരക്കാരല്ലെന്നും ഐഒസി ജീവനക്കാർ ആണെന്നും നാട്ടുകാർ ആരോപിക്കുന്നു. എൽപിജി സംഭരണ കേന്ദ്രത്തിൽ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളാണ് പൊലീസിന് നേരെ കല്ലെറിഞ്ഞതെന്ന് സമരക്കാരായ നാട്ടുകാർ ആരോപിക്കുന്നു. ഈ തൊഴിലാളികൾ ഇപ്പോഴും സംഭരണ കേന്ദ്രത്തിനകത്തുണ്ട്. ഇവർ പുറത്ത് വന്നാൽ ചോദ്യം ചെയ്യാനായി നൂറിലധികം നാട്ടുകാരും ഇപ്പോൾ സ്ഥലത്ത് കാത്ത് നിൽക്കുന്നതാണ് വീണ്ടും സംഘർഷ സാധ്യത സൃഷ്ടിച്ചിരിക്കുന്നത്.
സ്ഥലത്ത് പൊലീസും സുസജ്ജമാണ്. തൊഴിലാളികൾക്ക് നേരെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമം. തൊഴിലാളികളെ ഒരിക്കൽ പുറത്തെത്തിച്ചെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് ഇവരെ പ്ലാന്റിലേക്ക് തിരിച്ച് കയറ്റുകയായിരുന്നു.
അതേസമയം രാവിലെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് 40 പേരാണ് മുനന്പം പൊലീസ് സ്റ്റേഷനിലുള്ളത്. ഇതിൽ 17 സ്ത്രീകളുമുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കാതെ ഇവരെ ജാമ്യത്തിലിറക്കില്ലെന്നാണ് സമരക്കാർ അറിയിക്കുന്നത്. പ്ലാന്റിന്റെ നിർമാണ പ്രവർത്തനം പൂർണമായും നിർത്തിവെക്കുന്നതോടൊപ്പം സമരക്കാരെ അടിച്ചമർത്തിയ ഡിസിപി യതീഷ് ചന്ദ്ര അടക്കമുള്ള പൊലീസുകാരെ സസ്പെന്റ് ചെയ്യണമെന്നും സമരക്കാർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
പൊലീസ് ആക്രമണത്തിൽ പരുക്കേറ്റ 19ഓളം പേർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ പലരുടേയും പരുക്ക് ഗുരുതരമാണ്. തോളെല്ലിന് പരുക്കേറ്റവരും ഇക്കൂട്ടത്തിലുണ്ട്. നിസാര പരുക്കേറ്റവർ തിരിച്ച് സമര സ്ഥലത്തേക്ക് എത്തിയിട്ടുമുണ്ട്.
ഇന്ന് രാവിലെയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി സംഭരണ കേന്ദ്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചതിനെതിരെ ജനങ്ങള്‍ വീണ്ടും സംഘടിച്ചത്. സ്ത്രീകളും കുട്ടികളും അടക്കമുളള സമരക്കാര്‍ പ്ലാന്റിന് മുമ്പില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത പൊലീസുകാരെ മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് വഴിവെച്ചു.
പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനെ തുടര്‍ന്ന് സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. ചോരയൊലിപ്പിച്ച് തന്നെ ഇവര്‍ സമരമുഖത്ത് തുടര്‍ന്ന്. സ്ത്രീകളേയും കുട്ടികളേയും അടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നിര്‍മ്മാണ പ്രവൃത്തികള്‍ താത്കാലികമായി നിര്‍ത്തിവെക്കുമെന്ന് സര്‍ക്കാര്‍ സമരസമിതിക്ക് ഉറപ്പ് നല്‍കിയിരുന്നു. ജൂലൈ നാലാം തീയ്യതി വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും എന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ പോലീസിനെ പിന്‍വലിക്കാനുള്ള സമരക്കാരുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് പ്ലാന്റില്‍ ഇന്ന് നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നത്.
കഴിഞ്ഞ ദിവസം സമരത്തിനുനേരെ നടന്ന പൊലീസ് ലാത്തിചാര്‍ജ്ജില്‍ അറുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ലാത്തിച്ചാര്‍ജിന് നേതൃത്വം നല്കിയ ഡിസിപി യതീഷ് ചന്ദ്രയ്ക്കെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.