കൊച്ചി: പുതവൈപ്പിൽ എൽ പി ജി ടെർമിനൽ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്ന പ്രദേശത്ത് അപകട സാധ്യത സംബന്ധിച്ച ആശങ്കകൾക്ക് കാരണമുണ്ടെന്ന് സർക്കാർ നിയോഗിച്ച വിദഗ്‌ദ്ധ സമിതി റിപ്പോർട്ട്.  കടൽക്ഷോഭം, വേലിയേറ്റം തുടങ്ങി സൂനാമി വരെയുളള അപകട സാധ്യതകളാണ് സമിതി നൽകിയ റിപ്പോർട്ടിലുളളത്.

എൽ പി ജി ടെർമിനൽ സ്ഥാപിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐ ഒ സി എൽ) ഇതിനു വേണ്ട നിയമപരമായ മുന്നൊരുക്കങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെങ്കിലും ഇതില്‍ ചിലത് പാലിക്കപെട്ടിട്ടില്ല എന്നും തിങ്കളാഴ്ച ദേശീയ ഹരിത ട്രിബ്യൂണലിൽ സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു.

കടലിന്‍റെ സവിശേഷ സ്വഭാവം പരിഗണിക്കാതെയും അവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കാതെയും ടെർമിനൽ സ്ഥാപിക്കരുതെന്നാണ് റിപ്പോർട്ടിലെ ഉളളടക്കത്തെ കുറിച്ച് ധാരണയുളള ഒരു വ്യക്തി അഭിപ്രായപ്പെട്ടത്.

“കടലിൽ നിന്നുളള അപകട സാധ്യത വളരെ ഉയർന്നതാണ്, കാറ്റ് സൃഷ്ടിക്കുന്ന കടൽക്ഷോഭവും മൺസൂൺ കാലത്തെ വേലിയേറ്റവുമെല്ലാം ഇത് വ്യക്തമാക്കുന്നതാണെന്ന്” പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത അദ്ദേഹം പറഞ്ഞു.

കടല്‍ ക്ഷോഭ സമയത്തെ വേലിയേറ്റം കണക്കിലെടുത്ത് അതിനേക്കാള്‍ ഉയരത്തില്‍ വേണം ടെര്‍മിനലിന്‍റെ അടിത്തറ പണിയാന്‍ എന്ന് പാനൽ ശുപാർശ ചെയ്യുന്നു.

2004 ലെ സൂനാമി ബാധിത പ്രദേശങ്ങളിലൊന്നാണ് കൊച്ചി നഗരത്തിൽ നിന്നും 16 കിലോമീറ്റർ അകലെയുളള പുതുവൈപ്പ്.  2009 മുതൽ പുതുവൈപ്പ് നിവാസികൾ ഐ ഒ സി എല്‍ പ്ലാന്റിനെതിരെ സമരരംഗത്താണ്.  ഇത് കനത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും നിരവധി പേരെ കുടിയൊഴിപ്പക്കേണ്ടിവരുമെന്നും പ്രദേശവാസികൾ പറയുന്നു.നിരവധി തവണ ഈ പ്രദേശം സംഘർഷഭരിതമായിട്ടുണ്ട്.  ഈ വർഷം ജൂണിൽ സമരക്കാരെയും നാട്ടുകാരെയും പൊലീസ് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

വെളളക്കെട്ട് നിറഞ്ഞ പ്രദേശമാണെന്നതാണ് മറ്റൊരു വിഷയം.  അവിടെ നടക്കുന്ന മറ്റു ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഒരു റോഡ്‌ നിര്‍മ്മാണം ഉള്‍പ്പെടെ,  സ്ഥലത്ത് വലിയ ഡ്രൈനെജ് തടസ്സം സൃഷ്ടിച്ചിരിക്കുന്നു.  അതിനാല്‍ വെള്ളം കെട്ടാനുള്ള സാധ്യത പതിവിലും കൂടുതലാണ് എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു.

കലക്ടറുടെ അധ്യക്ഷതയിൽ ഇവിടെ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് വിദഗ്‌ദ്ധ സമിതി നിർദ്ദേശിക്കുന്നുണ്ട്. സ്ഥലം എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ്, കമ്പനിയുടെ പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരെ ഉൾപ്പെടുത്തിയായിരിക്കണം ഈ സമിതി. വിദഗ്‌ദ്ധസമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തലാണ് ഈ സമിതിയുടെ ചുമതല.

തങ്ങളുടെ പരാതികൾ വിദഗ്‌ദ്ധ സമിതിയുടെ റിപ്പോര്‍ട്ട്‌ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്‌ എന്ന് പുതുവൈപ്പിലെ സമര സമിതി ചെയർമാൻ എം ബി ജയഘോഷ് പറഞ്ഞു.

“ഇവിടെ എൽ പി ജി ടെർമിനൽ സ്ഥാപിക്കാൻ പറ്റിയ സ്ഥലമല്ല.  ഞങ്ങൾ പദ്ധതിക്ക് എതിരല്ല.   ഈ പദ്ധതി ജനസാന്ദ്രത കുറഞ്ഞ ഏതെങ്കിലും പ്രദേശത്തേയ്ക്ക് മാറ്റണം എന്ന ഒരപേക്ഷ മാത്രമേയുളളു” അദ്ദേഹം പറഞ്ഞു.

“കര കടലെടുക്കുന്നത് വളരെ ആശങ്കാജനകമായ കാര്യമാണ്.  2004 സുനാമിക്കാലത്ത് ഈ പ്രദേശം മുഴുവന്‍ വെള്ളതിലാകുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്.  അഞ്ചു പേരാണ് അന്ന് മരിച്ചത്.  ഇത് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.  എന്നാൽ അങ്ങനെയൊരു സംഭവമില്ലെന്നാണ് അധികൃതർ പറയുന്നത്”  ജയ ഘോഷിന്‍റെ വാക്കുകള്‍.

പുതുവൈപ്പിൽ ഇപ്പോള്‍ ഉള്ള പെട്രോനെറ്റ് ലിമിറ്റഡിന്‍റെ എൽ എൻ ജി റീഗാസിഫിക്കേഷന്‍ ടെർമിനൽ  പ്രവർത്തനം ദേശീയ ഹരിത ട്രിബ്യൂണൽ കഴിഞ്ഞ വർഷം നിർത്തിച്ചിരുന്നു.

സർക്കാരിന്‍റെ വിദഗ്‌ദ്ധ സമിതിയിൽ മൂന്നംഗങ്ങളാണുളളത്.  നാഷണൽ സെന്രർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഡയറക്ടർ എൻ പൂർണചന്ദ്ര റാവു ആണ് സമിതിയുടെ അധ്യക്ഷൻ. സ്ഥലവും പദ്ധതിയുമായി ബന്ധപ്പെട്ടവരെയും സമിതി സന്ദർശിച്ചിരുന്നു. റിപ്പോർട്ട് ഈ മാസം ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്രെ ഓഫീസിന് കൈമാറി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ