കൊച്ചി: പുതുവൈപ്പിലെ എൽപിജി പദ്ധതിയിൽ നിന്ന് ഐഒസി പിന്മാറണമെന്ന ആവശ്യത്തിലുറച്ച് സമര സമിതി. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇന്ന് ചർച്ച നടക്കും. രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോൺഫറൻസ് ഹാളിലാണ് യോഗം.
സമരസമിതിയുടെയും വരാപ്പുഴ അതിരൂപതയുടെയും പ്രതിനിധികൾ, പുതുവൈപ്പ്-എളങ്കുന്നപ്പുഴ പഞ്ചായത്ത് അംഗങ്ങൾ, എംഎൽഎ മാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
നിർമ്മാണംനിർത്തിവയ്ക്കണമെന്നും നിർദ്ദിഷ്ട പ്ലാന്റ് പുതുവൈപ്പിനിൽ നിന്നും മാറ്റണമെന്നുമുള്ള ആവശ്യത്തിലുറച്ചാണ് സമര സമിതിയുടെ നിൽപ്പ്. സമരക്കാർക്കെതിരായ പൊലീസ് നടപടിയ്ക്കെതിരായ വിയോജിപ്പ് സമര സമിതി പ്രവർത്തകരും രാഷ്ട്രീയ പാർട്ടി നേതാക്കളും ഇന്ന് യോഗത്തിൽ അറിയിക്കും.
എന്നാൽ സർക്കാരോ ഐഒസി യോ പദ്ധതിയിൽ നിന്ന് പുറകോട്ട് പോകില്ലെന്നാണ് അറിവ്. ആശങ്കകൾ പരിഹരിച്ച് പരമാവധി വേഗം നിർമ്മാണ പ്രവർത്തനം പുനരാരംഭിക്കാനാണ് സർക്കാരിന്റെ ശ്രമം. ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന് അനുസരിച്ച് ഭാവികാര്യങ്ങൾ തീരുമാനിക്കാമെന്ന നിർദ്ദേശവും ഇന്ന് മുഖ്യമന്ത്രി മുന്നോട്ട് വച്ചേക്കും