scorecardresearch

പുതുവൈപ്പ് പൊലീസ് അതിക്രമം; ഡിജിപി സെൻകുമാർ റിപ്പോർട്ട് തേടി

അതിക്രൂരമായാണ് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയത്

അതിക്രൂരമായാണ് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Puthuvype, പുതുവൈപ്പിൻ സമരം, ഐഒസി പ്ലാന്റ് സമരം, Puthuvype IOC Plant protest, Police action on Puthuvype strike, പുതുവൈപ്പിനിലെ പൊലീസ് സമരം

തിരുവനന്തപുരം: പുതുവൈപ്പിനിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിനെതിരായ സമരത്തിലെ പൊലീസ് നടപടിയിൽ ഡിജിപി ടി.പി.സെൻകുമാർ റിപ്പോർട്ട് തേടി. എറണാകുളം റൂറൽ പൊലീസ് സൂപ്രണ്ടിനോടാണ് സംഭവത്തിൽ വിശദീകരണം തേടിയിരിക്കുന്നത്. രണ്ട് തവണയായി സമരക്കാരെ പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചിരുന്നു.

Advertisment

പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഡിജിപി സെൻകുമാർ റിപ്പോർട്ട് തേടിയിരിക്കുന്നത്. അതേസമയം പുതുവൈപ്പിനിലെ സമരത്തിന് പിന്നിൽ തീവ്രവാദികളാണെന്ന് റൂറൽ എസ്‌പി എ.വി.ജോർജ് ആരോപിച്ചിരുന്നു. ഇന്നലെ നടന്ന സമരത്തിൽ തീവ്രവാദ ബന്ധമുള്ള ചിലരെ കണ്ടിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

സമരക്കാര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും ഇത്ര വലിയ സമരത്തിന് സ്ത്രീകളും കുട്ടികളും സ്വമേധയാ ഇറങ്ങുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരെ ക്രൂരമായി അടിച്ചൊതുക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് റൂറല്‍ എസ്പിയുടെ പരാമര്‍ശം. എന്നാല്‍ പൊലീസിന്റെ ആരോപണം ജനകീയ സമരത്തെ തകര്‍ക്കാനാണെന്ന സമരസമിതി വ്യക്തമാക്കി. ഡിസിപി യതീഷ് ചന്ദ്രയെ മാറ്റുംവരെ ശക്തമായ സമരം തുടരുമെന്നും ഇവര്‍ അറിയിച്ചു.

പൊലീസ് അറസ്റ്റ് ചെയ്ത സ്ത്രീകളെ ജാമ്യത്തില്‍ വിട്ടെങ്കിലും ഇവര്‍ സ്റ്റേഷന്‍ വിട്ടു പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവരെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.

Advertisment

ജനകീയ സമരത്തിൽ പൊലീസ്‌ നരനായാട്ടില്‍ പ്രതിഷേധിച്ച് വൈപ്പിനിലും കൊച്ചിയിലും നടക്കുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. നിരവധി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.

നാലുമാസത്തിലേറെയായി നടന്നു വരുന്ന സമരത്തിനെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ തുടർച്ചയായി സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ളവരെ അതിക്രൂരമായാണ്‌ പൊലീസ്‌ നേരിട്ടിരുന്നത്‌.

സ്ത്രീകളും കുട്ടികളും അടക്കം 70 ഓളം പേർക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. കോടതി ഉത്തരവ്‌ പ്രകാരം ഐഒസി പ്ലാന്റ്‌ നിർമ്മാണത്തിനെതിരെ സമരം ചെയ്യാൻ പാടില്ലെന്ന പേരിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ സമര പന്തലിലെത്തിയ ഡിസിപി യതീഷ്‌ ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ കണ്ണിൽകണ്ടവരെയെല്ലാം തല്ലി ഓടിക്കുകയും സമരപന്തൽ പൊളിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ്‌ ഉയർന്നത്‌. തുടർന്ന്‌ ഫിഷറീസ്‌ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സമരസമിതി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

ഹർജി അടുത്ത മാസം നാലിനു പരിഗണിക്കാനിരിക്കെ വിധി വരുന്നവരെ പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നു സമര സമിതി നേതാക്കൾ കഴിഞ്ഞ ദിവസം ഫിഷറീസ്‌ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു. സമര സമിതിയുടെ ആവശ്യം അംഗീകരിക്കുകയും ഇത്‌ പ്രകാരം മന്ത്രി യോഗത്തിൽ ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഈ ഉറപ്പ്‌ ഐഒസി ലംഘിച്ച് ഇന്നലെ നിര്‍മ്മാണ പ്രവൃത്തി തുടരുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

Puthuvyp Ioc Plant

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: