തിരുവനന്തപുരം: പുതുവൈപ്പില്‍ ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാര്‍ക്കെതിരെ നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്കെതിരെ നിഷ്ഠൂരമായ ബലപ്രയോഗമാണ് നടന്നത്. ജനകീയ സമരങ്ങളെ തോക്കും ലാത്തിയുമുപയോഗിച്ച് അടിച്ചമര്‍ത്താനാവില്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയെ കണ്ട് പുതുവൈപ്പ് പ്രശ്‌നവും ചര്‍ച്ച ചെയ്തിരുന്നു. അവിടത്തെ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ അവരുമായി ചര്‍ച്ച നടത്തണമെന്നും സര്‍വ്വ കക്ഷി യോഗം വിളിക്കണമെന്നും ബലപ്രയോഗം നടത്തരുതെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന ലാത്തിച്ചാര്‍ജ് അനാവശ്യമായിരുന്നെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. അത് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും ലാത്തിച്ചാര്‍ജുണ്ടായി. ഇത് ഒരു തരത്തിലും നീതീകരിക്കാന്‍ കഴിയുന്നതല്ല. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടി വേണം. സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പുതുവൈപ്പിൽ ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള നാട്ടുകാർക്കെതിരെ പൊലീസ് നടത്തിയ ലാത്തിചാർജ് കാടത്തം നിറഞ്ഞ നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ പറഞ്ഞു. ജനകീയ സമരങ്ങളെ സർക്കാർ മൃഗീയമായി അടിച്ചമർത്തുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പുതുവൈപ്പിലേത്. പൊലീസിന്റെ ഈ ക്രൂരമായ നടപടിക്കെതിരെ അന്വേഷണം നടത്തണം. ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടി വേണം.കഴിഞ്ഞ ദിവസം പുതുവൈപ്പിൽ സമരക്കാർക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പിന്റെ പര്യസമായ ലംഘനമാണ് ഇന്നത്തെ പൊലീസ് നടപടി. സമാധാനപരമായ ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാർ പരാജയപ്പെട്ടന്നും ഹസ്സൻ പറഞ്ഞു.

അതിനിടെ, പുതുവൈപ്പ് സമരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ