കാക്കനാട്: പുതുവൈപ്പ് എല്‍പിജി പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട പോലീസ് നടപടിയുടെ സി സി ടി വി ദൃശ്യങ്ങൾ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ പി. മോഹൻദാസ് ഉത്തരവിട്ടു.  ഡിസിപിയായിരുന്ന യതീഷ് ചന്ദ്രയുടെയും സമര സമിതി പ്രവര്‍ത്തകരുടെയും വാദങ്ങള്‍ കമ്മീഷന്‍ കേട്ടു.

പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ട് സമരക്കാർക്കെതിരായി നടപടി ഉണ്ടായപ്പോൾ സമരക്കാരെ കസ്റ്റഡയിലെടുത്ത നഗരത്തിലെ നാല് പൊലീസ് സ്റ്റേഷനുകളിൽ നിന്നുളള​ സി സി ടി വി ദൃശ്യങ്ങൾ ഹാജരാക്കണമെന്നാണ് കമ്മീഷന്റെ ഉത്തരവ്.  സമരക്കാരെ പോലീസ് മര്‍ദ്ദിക്കുന്നത് നേരില്‍കണ്ടുവെന്ന് ഏഴ് വയസ്സുകാരന്‍ അലന്‍ മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി

ഈ സംഭവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയയ്ക്കുമെന്ന് കമ്മിഷൻ അറിയിച്ചു. സമരക്കാരെ പോലീസ് മര്‍ദ്ദിച്ചുവെന്ന സമരസമിതിക്കാരുടെ പരാതിയില്‍ സെപ്തംബറില്‍ നടക്കുന്ന സിറ്റിംഗില്‍ തെളിവെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളടങ്ങിയ സിഡി ഹാജരാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കമ്മീഷന്‍ യതീഷ് ചന്ദ്രയ്ക്ക് നിര്‍ദേശം നല്‍കി. കുട്ടികളെ മര്‍ദ്ദിച്ചുവെന്ന സമരക്കാരുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് യതീഷ് ചന്ദ്ര വാദിച്ചു.

മുതിര്‍ന്ന പലര്‍ക്കും മര്‍ദനമേറ്റിട്ടുണ്ടെന്നും തെളിവുകള്‍ ഹാജരാക്കാമെന്നും സമരക്കാര്‍ക്കു വേണ്ടി അഭിഭാഷകന്‍ കമ്മീഷനു മുന്നില്‍ വ്യക്തമാക്കി. കമ്മീഷന്‍ തെളിവെടുപ്പ് നടക്കുന്നതിനിടെ പലപ്പോഴും യതീഷ് ചന്ദ്രയും സമരക്കാരുമായി തര്‍ക്കമുണ്ടായി. സംഭവത്തിന്റെ പൂര്‍ണ്ണ ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നതിന് മാധ്യമങ്ങളുടെ ദൃശ്യങ്ങളും കമ്മീഷന്‍ ആവശ്യപ്പെട്ടു.

മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് കാക്കനാട് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങിൽ 64 പരാതികള്‍ പരിഗണിച്ചു. 10 പരാതികള്‍ തീര്‍പ്പാക്കി. പുതിയ എട്ട് പരാതികള്‍ കമ്മീഷന്‍ സ്വീകരിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ