എറണാകുളം: പുതുവെപ്പിലെ ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയ പ്രവർത്തകർക്ക് എതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് ഡിജിപി ടി.പി.സെൻകുമാർ. പൊലീസ് നടപടിയുടെ വിഡിയോകൾ മുഴുവൻ നേരിൽ കണ്ടുവെന്നും ഇത് സ്വാഭാവികം മാത്രമാണെന്നും ഡിജിപി പറഞ്ഞു. പുതുവെപ്പിലെ പൊലീസ് നടപടിയിൽ ഡിസിപി യതീഷ് ചന്ദ്ര ഉണ്ടായിരുന്നില്ലെന്നും മാധ്യമപ്രവർത്തർ തെറ്റായ വാർത്ത നൽകിയതാണെന്നും ഡിജിപി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതല വഹിക്കുകയായിരുന്നു യതീഷ് ചന്ദ്രയെന്നും സെൻകുമാർ പറഞ്ഞു.

മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തുമ്പോൾ സുരക്ഷ ഒരുക്കുകയാണ് യതീഷ് ചന്ദ്ര ചെയ്തത്. നഗരത്തിൽ​ അന്ന് തീവ്രവാദ ഭീഷണി ഉണ്ടായിരുന്നു. പ്രധാനമന്ത്രി സഞ്ചരിക്കുന്ന പാതയിലേക്ക് പുതുവൈപ്പ് സമരാനുകൂലികൾ ഇരച്ച് എത്തിയപ്പോഴാണ് യതീഷ് ചന്ദ്ര നടപടി എടുത്തതെന്നും ഡിജിപി പറഞ്ഞു. പൊലീസ് ആരുടെയും വീട്ടില്‍ പോയി ആക്രമിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു.

യതീഷ് ചന്ദ്രക്കെതിരെ നടപടി വേണമെന്ന് ഭരണപക്ഷത്ത് നിന്നും വി.എസ്.അച്യുതാനന്ദനും സിപിഐയും പ്രതിപക്ഷവും ആവശ്യപ്പെടുമ്പോഴാണ് നടപടിയെ ന്യായീകരിച്ച് ഡിജിപി തന്നെ രംഗത്ത് എത്തിയത്. പൊലീസ് നടപടിയെപ്പറ്റി ആരോപണം ഉയർന്നപ്പോഴാണ് ഡിജിപി വിശദീകരണം നൽകിയത്. എറണാകുളത്ത് എത്തിയ സെൻകുമാർ റൂറൽ എസ്‌പി ഐ.വി.ജോർജുമായും ഡിസിപി യതീഷ് ചന്ദ്രയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

പുതുവൈപ്പിലുണ്ടായ പ്രശ്നങ്ങൾ കാരണം പോലീസ് അല്ല. അവിടെ ഒൻപത് വർഷമായി തുടരുന്ന പദ്ധതിക്കെതിരേയാണ് ജനങ്ങൾ സമരം ചെയ്യുന്നത്. അവരുടെ പ്രശ്നങ്ങൾ പറയേണ്ടത് സർക്കാരിനോടാണ്. പദ്ധതിയുടെ നിർമാണത്തിന് സംരക്ഷണം നൽകണമെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന നിർദ്ദേശം എന്നും സെൻകുമാർ പ്രതികരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ