കൊച്ചി: പുതുവൈപ്പിൽ വീണ്ടും സംഘർഷം. എഐവൈഎഫ് മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ മാധ്യപ്രവർത്തകനുൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. പൊലീസ് ലാത്തിചാർജ്ജിൽ എഐവൈഎഫ് ജില്ലാ സെക്രട്ടറി എൻ അരുണിനും ഏഷ്യാനെറ്റ് കാമറാമാനുമാണ് പരുക്കേറ്റത്.
ഇന്ന് രാവിലെയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ എല്‍പിജി സംഭരണ കേന്ദ്രത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചതിനെതിരെ ജനങ്ങള്‍ വീണ്ടും സംഘടിച്ചത്. സ്ത്രീകളും കുട്ടികളും അടക്കമുളള സമരക്കാര്‍ പ്ലാന്റിന് മുമ്പില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത പൊലീസുകാരെ മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് വഴിവെച്ചു.
പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനെ തുടര്‍ന്ന് സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. ചോരയൊലിപ്പിച്ച് തന്നെ ഇവര്‍ സമരമുഖത്ത് തുടര്‍ന്ന്. സ്ത്രീകളേയും കുട്ടികളേയും അടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നിര്‍മ്മാണ പ്രവൃത്തികള്‍ താത്കാലികമായി നിര്‍ത്തിവെക്കുമെന്ന് സര്‍ക്കാര്‍ സമരസമിതിക്ക് ഉറപ്പ് നല്‍കിയിരുന്നു. ജൂലൈ നാലാം തീയ്യതി വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും എന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ പോലീസിനെ പിന്‍വലിക്കാനുള്ള സമരക്കാരുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് പ്ലാന്റില്‍ ഇന്ന് നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നത്.
കഴിഞ്ഞ ദിവസം സമരത്തിനുനേരെ നടന്ന പൊലീസ് ലാത്തിചാര്‍ജ്ജില്‍ അറുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ ഡിസിപി യതീഷ് ചന്ദ്രയ്ക്കെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.