തിരുവനന്തപുരം: പുതുവൈപ്പിലെ എൽപിജി ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ. പുതിയ പ്ലാന്റിന്റെ നിർമ്മാണം താത്ക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചു. ജനങ്ങളുടെ ആശങ്കകളെപ്പറ്റി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചു. പുതുവൈപ്പ് സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. സ്ഥലത്തെ പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ ശാസ്ത്രജ്ഞരടക്കമുള്ള വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

ഐഒസി പ്ലാന്റിന് മുന്നിൽ നടത്തിവരുന്ന ഉപരോധസമരം താത്ക്കാലികമായി നിർത്തിവെക്കുമെന്നും സമരത്തിൽ നിന്ന് പൂർണ്ണമായി പിന്മാറില്ലെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു. സമരത്തിന് നേര നടന്ന പൊലീസ് അതിക്രമത്തെപ്പറ്റി വിശദമായി അന്വേഷിച്ചതിന് ശേഷം നടപടി എടുക്കുമെന്നും മുഖ്യമന്ത്രി സമരക്കാരോട് പറഞ്ഞു. സർക്കാരിന്റെ നിർദ്ദേശം ഐഒസി അധികൃതർ അംഗീകരിച്ചിട്ടുണ്ട്.

പദ്ധതി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് സമരസമിതി നേതാക്കൾക്കും ജനപ്രതിനിധികൾക്കും ഉറപ്പ് നൽകി. വൈപ്പിൻ എംഎൽഎ എസ്.ശർമ, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് തുടങ്ങിയ നിരവധി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. യോഗത്തിലെ മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളോട് സമരസമിതി എതിർപ്പ് ഉന്നയിച്ചില്ലെന്ന് നേതാക്കൾ പിന്നീട് പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.