തിരുവനന്തപുരം: പുതുവൈപ്പിലെ സമരക്കാർക്ക് എതിരായ പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ എറണാകുളം ജില്ലാസെക്രട്ടറി പി.രാജു. പൊലീസിനെ മുഖ്യമന്ത്രി നിലക്ക് നിർത്തണമെന്നും ഇല്ലെങ്കിൽ തങ്ങൾ നിലയ്ക്ക് നിർത്തുമെന്നും കെ.രാജു പറഞ്ഞു. ആഭ്യന്തരവകുപ്പ് ഭരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഘടകക്ഷികൾക്ക് വിട്ടുനൽകണമെന്നും പി.രാജു പറഞ്ഞു.

സമരക്കാരെ തല്ലിചതച്ച ഡിസിപി യതീഷ് ചന്ദ്ര ബിജെപിയുടെ നോമിനി​ ആണെന്നും ഗുണ്ടകളെ നാണിപ്പിക്കുന്ന രീതിയിലാണ് യതീഷ് ചന്ദ്ര പെരുമാറുന്നതെന്നും സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു. ഐഒസിക്ക് എതിരായി പുതുവൈപ്പിൽ നടക്കുന്ന സമരക്കാരെ സന്ദർശിച്ചതിന് ശേഷമാണ് പി.രാജുവിന്രെ പ്രതികരണം.

ഐഒസിയിലെ എൽപിജി ടെർമിനലിന് എതിരായ സമരത്തിന് നേരെ കഴിഞ്ഞ ദിവസമാണ് പൊലീസ് നടപടി ഉണ്ടായത്. ഐഒസിയുടെ ആവശ്യ പ്രകാരമാണ് പൊലീസ് സമരക്കാരെ നീക്കാൻ ശ്രമിച്ചത്. എന്നാൽ ഇത് വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് സമരക്കാർക്ക് എതിരെ നടപടി ഉണ്ടായത്. ഐഒസി സമരക്കാരുമായി മുഖ്യമന്ത്രി ബുധനാഴ്ച ചർച്ച നടത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ