/indian-express-malayalam/media/media_files/uploads/2023/08/Sathi.jpg)
Sathiyamma
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി പറഞ്ഞെന്ന പേരില്‍ ജോലി നഷ്ടപ്പെട്ടതായി ആരോപണം ഉന്നയിച്ച സതിയമ്മയ്ക്കെതിരെ പൊലീസ് കേസ്. വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകളാണ് സതിയമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോട്ടയം ഈസ്റ്റ് പൊലീസിന്റെയാണ് നടപടി.
പുതുപ്പള്ളിയിൽ മൃഗസംരക്ഷണ വകുപ്പ് സെൻ്ററിൽ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തതായി എഫ്ഐആറിൽ പറയുന്നു. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാമോൾ, പ്രസിഡൻറ് ജാനമ്മ, വെറ്റനറി സെൻ്റർ ഫീൽഡ് ഓഫീസർ ബിനു എന്നിവരെയും പ്രതികളായി ചേർത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
രേഖകള്‍ പ്രകാരം ജോലി ലഭിക്കേണ്ട ലിജിമോളുടെ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിനെ നിയമപരമായി നേരിടുമെന്നാണ് സതിയമ്മ പ്രതികരിച്ചിരിക്കുന്നത്.
കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായിരുന്നു സതിയമ്മ. ഉമ്മൻചാണ്ടിയെപ്പറ്റി ചാനലിൽ നല്ലത് പറഞ്ഞതിന് പിന്നാലെ മൃഗ സംരക്ഷണ ജില്ലാ ഡെപ്യുട്ടി ഡയറക്ടർ തന്നെ പിരിച്ചുവിട്ടതായി സതിയമ്മ തന്നെയാണ് പറഞ്ഞത്. പിന്നാലെ യുഡിഎഫ് ഇത് ഏറ്റെടുക്കുകയായിരുന്നു.
സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയും വിശദീകരണം നടത്തിയിരുന്നു. ലിജി മോള്‍ക്കാണ് ജോലിക്ക് യോഗ്യതയുള്ളതെന്നും സതിയമ്മ അനധികൃതമായി ജോലി ചെയ്തതിനാലാണ് പിരിച്ചുവിട്ടതെന്നും മന്ത്രി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.