/indian-express-malayalam/media/member_avatars/Qho8mWcQBNrM6LOqQuYD.jpg )
/indian-express-malayalam/media/media_files/uploads/2023/09/puthuppally-election-result-3.jpg)
സാമ്പത്തികമായും ഭരണപരമായും പരാജയത്തിൽ വീണുകിടക്കുന്ന സർക്കാരിന് തിരിച്ചറിവിന്റെ വാതിൽ തുറന്നുകൊടുക്കാൻ ഈ തിരഞ്ഞെടുപ്പ് ഫലത്തിന് സാധിക്കുമോ?
അത്ഭുതങ്ങളൊന്നും സംഭവിക്കാതെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്നു. 53 വർഷത്തിന് ശേഷം പുതുപ്പള്ളിക്കാർ തങ്ങളുടെ എം എൽ എയുടെ പേര് ഒന്ന് തിരിച്ചിട്ടു എന്നതിനപ്പുറം മറ്റ് മാറ്റങ്ങളൊന്നുമില്ലാതെ പുതുപ്പള്ളി ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്കൊപ്പം നിലകൊണ്ടു. ഉമ്മൻ ചാണ്ടി എന്നത് മാറി ചാണ്ടി ഉമ്മൻ എന്നായി. അതിലപ്പുറം ഒരു തിരുത്തും പുതുപ്പള്ളിക്കാർ വരുത്തിയില്ല.
നിലവിലെ ജനപ്രതിനിധിയുടെ മരണത്തെ തുടർന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ പ്രധാന എതിരാളി ഓർമ്മകളായിരിക്കും. ആ ഓർമ്മകളെ മറികടക്കാൻ തക്കവണ്ണം രാഷ്ട്രീയവോട്ടുകളുടെ കരുത്തുള്ള മണ്ഡലങ്ങൾ കേരളത്തിലെങ്ങും കാണാൻ സാധ്യതയില്ല. അതു കൊണ്ടു തന്നെ തൃക്കാക്കരയിൽ നിന്നും ആ പാഠം പഠിച്ച സി പി എം ഉൾപ്പടെ ആരും അനാവശ്യ അവകാശവാദങ്ങളൊന്നും തന്നെ ഉന്നയിക്കാനൊരുമ്പെട്ടില്ല എന്നതാണ് പുതുപ്പള്ളിയുടെ ചരിത്രം. സ്ഥാനാർത്ഥി എന്ന നിലയിലും പാർട്ടി സെക്രട്ടറി എന്ന നിലയിലും ജെയ്ക് സി തോമസിനും എം വി ഗോവിന്ദനും ജയിക്കുമെന്നേ പറയാൻ സാധിക്കുകയുള്ളൂവെന്നത് മാത്രമാണ് ഈ തിരഞ്ഞെടുപ്പിൽ കണ്ടത്.
ജനപ്രതിനിധിയുടെ മരണശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വരുന്ന ഫലത്തിനപ്പുറം അത്ഭുതമൊന്നുമില്ല പുതുപ്പള്ളിയിലും. ഉമ്മൻ ചാണ്ടി 53 വർഷം പുതുപ്പള്ളിയുടെ എം എൽ എ യായിരുന്ന, അതിലേറെ ജനങ്ങളോടൊപ്പം ഇഴുകി ചേർന്ന് പ്രവർത്തിച്ച ഒരാളുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ മത്സരിക്കുമ്പോൾ സജീവമായി നിൽക്കുന്ന ഉമ്മൻചാണ്ടിയോർമ്മകൾ വോട്ടായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളു.
സെഞ്ച്വറിയടിക്കാമെന്ന വ്യാമോഹവുമായി തൃക്കാക്കരയിൽ പ്രവർത്തിച്ച സി പി എമ്മിനും സർക്കാരിനും, പുതുപ്പള്ളിയിൽ തങ്ങൾ വായു പിടിച്ചില്ല എന്ന് ആശ്വസിക്കാം. ഇവിടെ അവർ യാഥാർത്ഥ്യത്തെ അംഗീകരിച്ചു. ഉമ്മൻചാണ്ടിയുടെ നിര്യാണവും അദ്ദേഹത്തിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള യാത്രയും അതിന് ശേഷം ആ ഖബറിലേക്ക് ഇന്നും ചെല്ലുന്ന ആളുകളും ഉപതിരഞ്ഞെടുപ്പിൽ വിജയം എന്ന പ്രതീക്ഷ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴും തിരഞ്ഞെടുപ്പ് കഴിയുമ്പോഴോ സി പി എം നേതൃത്വത്തിലാർക്കും ഉണ്ടായിരിക്കാനിടയില്ല.
ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്കൊപ്പം മത്സരിച്ച സി പി എം സ്ഥാനാർത്ഥിയുടെ ജെയ്ക് സി തോമസ് തോൽക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമൊന്നുണ്ടാകാനിടയില്ലായിരുന്നു. ഭൂരിപക്ഷം എത്ര എന്നതിൽ മാത്രമായിരുന്നു സംശയം. അത് ജെയ്ക്കിന് മാത്രം കാത്തിരുന്ന വിധിയല്ല.
ഉമ്മൻചാണ്ടി മത്സരിച്ച അവസാന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയായി (9044) കുറഞ്ഞു. അതിന് പിന്നിൽ അന്ന് നിലനിന്ന പല കാരണങ്ങളുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പുതുപ്പള്ളി മണ്ഡലത്തിൽ കോൺഗ്രസും സി പി എം കഴിഞ്ഞാൽ കൂടുതൽ വോട്ട് ലഭിക്കാൻ സാധ്യതയുള്ള കേരളാ കോൺഗ്രസ് മാണി വിഭാഗം എൽ ഡി എഫിനൊപ്പം വന്നു. അത് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഗുണകരമായി മാറുകയും ചെയ്തു. പുതുപ്പള്ളി മണ്ഡലത്തിലെ പുതുപള്ളി, അകലകുന്നം, അയർക്കുന്നം, മണർകാട്, മീനടം, കൂരോപ്പട, വാകത്താനം, പാമ്പാടി എന്നീ എട്ട് പഞ്ചായത്തുകളിൽ 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സി പി എമ്മിനൊപ്പം നിലകൊണ്ടത് വാകത്താനം പഞ്ചായത്ത് മാത്രമായിരുന്നുവെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കഥ മാറി ആറ് പഞ്ചായത്തുകൾ എൽ ഡി എഫിനൊപ്പം വന്നു. കോവിഡ് കാലവും അന്ന് സർക്കാർ നടത്തിയ ഇടപെടലുകളും അതിന് സഹായകമായി. അതേ ട്രെൻഡ് തന്നെയാണ് തുടർന്ന് വന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കേരളം കണ്ടത്. തുടർഭരണം എന്ന ചരിത്രത്തിലേക്ക് എൽ ഡി എഫ് കടന്നുവന്നു. ഈ രണ്ട് ഘടകങ്ങളായിരുന്നു അന്ന് ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയാൻ കാരണമായത്.
ഉമ്മൻചാണ്ടിയുടെ നിര്യാണത്തിന് തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഓർമ്മകളെ മറികടന്ന് സി പി എമ്മിന് വോട്ട് ചെയ്യിക്കാനുള്ള രാഷ്ട്രീയ ശേഷിയൊന്നും കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് ഇല്ല എന്ന വസ്തുതയ്ക്ക് കൂടി ഇത് അടിവരയിടുന്നുണ്ട്.
എന്നാൽ, നിലവിൽ സർക്കാരിന് അനുകൂലമായ ഘടകങ്ങളൊന്നും തന്നെയില്ല. ആരോപണങ്ങളിലും ഭരണപരാജയത്തിലും വീണ് കിടക്കുന്ന സർക്കാർ. നിർണായക സമയങ്ങളിലൊക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ തന്നെ മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾക്ക് മറുപടി പറയാൻ ബാധ്യസ്ഥരായവരൊക്കെ മൗനത്തിന്റെ മാസ്കിടുമ്പോൾ ജനങ്ങൾക്ക് മുന്നിൽ ആരോപണങ്ങൾ സത്യമായി തന്നെ നിലകൊള്ളും. അത് എ ഐ കാമറ ആയിക്കൊള്ളട്ടെ കരിമണൽ മാസപ്പടി ആയിക്കൊള്ളട്ടേ. സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഭരണസംവിധാനത്തിനെ മറികടക്കാൻ തക്ക പ്രത്യശാസ്ത്ര പിൻബലമുള്ള രാഷ്ട്രീയ വോട്ടോ, ആനുകൂല്യങ്ങൾ കൊണ്ടുള്ള ജനപ്രിയ പിൻബലമോ, വർഗീയ, വിഭാഗീയ വോട്ട് ബാങ്കോ ഉണ്ടാകണം. അങ്ങനെയൊന്നും കേരളത്തിലെ നിലവിൽ ഭരണ പ്രതിപക്ഷ മുന്നണികൾക്ക് നിലവില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ മൗനം ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ വോട്ടാക്കി മാറ്റുന്നത് തടയുന്നതിന് സഹായകമായിട്ടില്ല എന്ന തിരിച്ചറിവ് സർക്കാരിനും സിപിഎമ്മിനും ഇനിയെങ്കിലും ഉണ്ടാകുമെന്ന് കരുതാം.
സർക്കാരിന്റെ പിടിപ്പുകേടുകളെ മറികടന്ന് ആനകുത്തിയാലും മറിയാത്ത രാഷ്ട്രീയവോട്ടുകൾ പുതുപ്പള്ളിയിൽ സി പി എമ്മിനൊപ്പം എത്രയുണ്ടെന്ന തിരിച്ചറിവ് ഈ ഉപതിരഞ്ഞെടുപ്പ് അവർക്ക് നൽകും എന്നത് മാത്രമായിരിക്കും ഇതിലെ ഫലം. പഠിച്ചാലും പഠിക്കാത്ത പാഠം പുതുപ്പള്ളിയിലും സി പി എമ്മിന്റെ സൈബർ പോരാളികൾ നടത്തി. ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും തമ്മിൽ മത്സരിക്കുമ്പോൾ ആ ചിത്രത്തിലേക്ക് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ അധിക്ഷേപിക്കുന്ന പ്രവണത. അധിക്ഷേപങ്ങൾ അണികൾക്ക് ആവേശം പകരുമെന്നല്ലാതെ വോട്ടാകില്ല. മാത്രമല്ല, പലപ്പോഴും അത് സഹതാപമുണ്ടാക്കുകയും വോട്ട് മറുപക്ഷത്തേക്ക് മാറുകയും ചെയ്യാമെന്ന സാധ്യത പോലും സൈബറിടങ്ങളിൽ തിരിച്ചറിയാൻ പറ്റാതെ പോയി സി പി എമ്മുകാർക്ക്. വ്യക്തിയധിക്ഷേപങ്ങളും ചെളിവാരിയേറും കൊണ്ട് ജയിക്കാമെന്നോ ഭൂരിപക്ഷം കുറയ്ക്കാമെന്നോ ഒക്കെയുള്ള മോഹം കൂടി കുത്തിക്കെടുത്തിയതാണ് ഈ ഫലം.
സമുദായ നേതാക്കളെ കണ്ട് സുഖിപ്പിക്കുന്നത് കൊണ്ട് ജയം പോയിട്ട് പരാജയത്തിന്റെ ആഘാതം കുറയ്ക്കാൻ പോലും സാധിക്കില്ലെന്ന പാഠം കൂടി ഈ ഉപതിരഞ്ഞെടുപ്പ് ഫലം ഒന്നുകൂടി അടിവരയിടുന്നു. ജെയ്കിന്റെ സമുദായ നേതാക്കളുമായി സന്ദർശനങ്ങൾ കൊണ്ടോ അതിന് ശേഷമുള്ള പ്രസ്താവനകളോ വോട്ടായി മാറിയിട്ടില്ല. എൻ എസ് എസ് നേതാക്കൾക്കെതിരെയെടുത്ത കേസ് പിൻവലിക്കാൻ ആവേശം കാണിച്ച പിണറായി വിജയൻ സർക്കാർ 94 വയസ്സുള്ള ഗ്രോവാസുവിനെതിരായി എടുത്ത കേസ് പിൻവലിച്ചിട്ടില്ല. അദ്ദേഹം ജയിലിൽ കിടക്കുമ്പോഴാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിന് മുന്നിൽ എൻ എസ് എസിന് മുന്നിൽ സാഷ്ടാംഗം ഒരു സർക്കാരും പാർട്ടിയും വീണത്. അതുകൊണ്ട് ജെയ്കിന് കഴിഞ്ഞ തവണത്തേക്കാൾ ഒരു വോട്ട് എങ്കിലും കൂടുതൽ കിട്ടിയോ എന്ന ചോദ്യം പോലും പാർട്ടിക്കുള്ളിലോ സർക്കാരിലോ ഉണ്ടാകിനിടയില്ല.
സാമ്പത്തികമായും ഭരണപരമായും പരാജയത്തിൽ വീണുകിടക്കുന്ന സർക്കാരിന് തിരിച്ചറിവിന്റെ വാതിൽ തുറന്നുകൊടുക്കാൻ ഈ തിരഞ്ഞെടുപ്പ് ഫലത്തിന് സാധിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്താണ്. ഈ ഫലം ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് നൽകിയ ആദരമായി മാത്രമായിരിക്കും അവർ വിലയിരുത്തുക. അതിലേറെക്കുറേ സത്യവുമുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലമോ മറ്റ് തിരഞ്ഞെടുപ്പുകളിലെ ഫലമോ നിയമസഭാ പൊതുതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നത് ഉറപ്പാണ്. അതിന് നല്ല തെളിവ് ഉമ്മൻചാണ്ടിയുടെ രണ്ടാം മുഖ്യമന്ത്രിക്കാലമാണ്. നെയ്യാറ്റിൻകര മണ്ഡലത്തിലെ സി പി എം എം എൽ എയായിരുന്ന ശെൽവരാജ് രാജിവച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ഉപതിരഞ്ഞെടുപ്പിൽ ജയിച്ചു. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ അവിടെ കോൺഗ്രസിന് തോൽവിയായിരുന്നു ഫലം അവിടെ മാത്രമല്ല, കേരളത്തിലും. അതുകൊണ്ട് ഉപതിരഞ്ഞെടുപ്പ് ഫലം പൊതുതിരഞ്ഞെടുപ്പ് ഫലത്തെ നിർണ്ണയിക്കില്ലെന്ന ആശ്വാസം സി പി എമ്മിനുണ്ടാകാം. എന്നാൽ, ഈ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ പ്രവർത്തിച്ചാൽ മതി എന്ന തോന്നൽ കോൺഗ്രസിനും യു ഡി എഫിനും നൽകിയാൽ അത് അവരുടെ സ്ഥിതി മോശമാകുന്നതിലേക്ക് വഴിയൊരുക്കയുള്ളൂ.
ഈ തിരഞ്ഞെടുപ്പിൽ സി പി എമ്മും അവർ ഭരിക്കുന്ന സർക്കാരും അവരുടെ നടപടികളും സജീവ ചർച്ചാ വിഷയമായാക്കാൻ യു ഡി എഫോ കോൺഗ്രസോ മുതിർന്നില്ല. അത്തരം ജനകീയ വിഷയങ്ങളേക്കാൾ ജനപ്രിയ നേതാവായ ഉമ്മൻചാണ്ടിയുടെ ഓർമ്മകളാകും തങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യുക എന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു. അതിനാൽ തന്നെ ഇതൊരു രാഷ്ട്രീയമത്സരമായി ഒരിക്കലും വികാസം പ്രാപിച്ചിരുന്നില്ല. അങ്ങനെയെങ്കിൽ കേരളത്തിൽ പുതിയൊരു ദിശാബോധം നൽകാൻ യു ഡി എഫിനാകുമായിരുന്നു.
സി പി എമ്മിനെ സംബന്ധിച്ച് തൃക്കാക്കരയിൽ പരാജയപ്പെട്ട അധിക്ഷേപ സമവാക്യം ഇവിടെയും പ്രയോഗിച്ച് ആളുകളിൽ നിന്നകലാനായിരുന്നു തിടുക്കം. ഓർമ്മകളെ നേരിടാനുള്ള സി പി എമ്മിന്റെ അടവും തന്ത്രവും സമുദായ നേതാക്കളെ സന്ദർശിക്കലും ചെളിവാരിയേറുമായി ഒടുങ്ങി. അതിൽ തോൽവിയുടെ ആഘാതവും കൂടി. യു ഡി എഫിനും എൽ ഡി എഫിനും പഠിക്കാൻ പാഠങ്ങളേറെ നൽകുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.