കൊച്ചി: കേരളത്തിന്റെ ഔദ്യോഗിക തവള ആയി പര്‍പ്പിള്‍ ഫ്രോഗ് എന്നറിയപ്പെടുന്ന മാവേലി തവളയെ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർത്തിയിരിക്കുകയാണ് ഗവേഷകർ. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ സന്ദീപ് ദാസ് അടക്കമുളളവരാണ് ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുളളത്.

വംശനാശഭീഷണി നേരിടുന്ന ജിവിവര്‍ഗമായി യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) റെഡ് ലിസ്റ്റിൽ പർപ്പിൾ തവളയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാസം ചേരുന്ന വന്യജീവി ഉപദേശക ബോര്‍ഡിന്റെ യോഗത്തിൽ പര്‍പ്പിള്‍ തവളയെ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക തവളയാക്കാനുള്ള നിർദേശം വയ്ക്കും. പർപ്പിൾ തവളയ്ക്ക് സാമ്യമുളള മറ്റൊരു ജീവിവർഗം കേരളത്തിൽ ഇല്ലാത്തതിനാൽ യോഗത്തിൽ ആരും ഇതിന് എതിർപ്പ് ഉയർത്തില്ലെന്ന് കരുതുന്നതായി ബോർഡ് അംഗവും സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗവേഷകനുമായ ജാഫർ പലോട്ട് പറഞ്ഞു. ”വളരെ അപൂർവ്വമായ ജീവി വർഗമാണിത്. പശ്ചിമ ഘട്ടത്തിൽ മാത്രമാണ് ഇവ കാണുന്നത്. മറ്റൊരിടത്തും കാണാനാവില്ല,” പലോട്ട് പറഞ്ഞു.

purple frog, ie malayalam

പർപ്പിൾ ഫ്രോഗ്. ഫോട്ടോ കടപ്പാട്: സന്ദീപ് ദാസ്

മണ്ണിനടയിൽ ജീവിക്കുന്ന പർപ്പിൾ തവളകൾ വർഷത്തിൽ ഒരിക്കൽ മാത്രം ഭൂമിക്ക് മുകളിലേക്ക് വരിക. അതിനാൽ ഇവയെ മാവേലി തവളകൾ എന്നും വിളിക്കാറുണ്ട്. കേരളത്തിലെ വനത്തിനുളളിൽ 2003 ലാണ് പർപ്പിൾ തവളയെ ഗവേഷകർ ആദ്യമായി കണ്ടെത്തിയത്. ഒരു വർഷത്തിനുശേഷം പർപ്പിൾ തവളകളോട് സാമ്യമുളള തവളകൾ ഈസ്റ്റ് ആഫ്രിക്കയിലെ ഇന്ത്യൻ മഹാസമുദ്രത്തിലുളള ദ്വീപിൽ കണ്ടെത്തി. 70 മില്യൻ വർഷങ്ങൾക്കു മുൻപ് ദിനോസറുകളുടെ കാലഘട്ടത്തിൽ പർപ്പിൾ തവളകൾ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു.

വർഷത്തിൽ ഒരു ദിവസം മാത്രം പ്രജനനത്തിനുവേണ്ടിയാണ് പർപ്പിൾ തവളകൾ ഭൂമിക്ക് മുകളിലേക്ക് വരിക. മേയ്-ജൂൺ മാസത്തിലാണ് ഇവ മുട്ടയിടുക. ചെറിയ അരുവികൾക്ക് അരികിലായാണ് ഇവ മുട്ടയിടുന്നത്. മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ 120 ദിവസത്തോളം ഭൂമിക്ക് പുറത്ത് ചെലവിടും. അതിനുശേഷം അവയും ഭൂമിക്കടിയിലേക്ക് പോകും. പിന്നെ അവ വസിക്കുന്നത് അവിടെയാണ്. ഉറുമ്പും ചിതലുമാണ് ഇവയുടെ ഭക്ഷണം.

purple frog, ie malayalam

ഫോട്ടോ കടപ്പാട്: സന്ദീപ് ദാസ്

”ചിലപ്പോഴൊക്കെ 1.5 മീറ്റർ ആഴത്തിൽ കുഴിക്കുമ്പോൾ പർപ്പിൾ തവളകളെ കണ്ടെത്താറുണ്ട്. പക്ഷേ ഇപ്പോഴും ഭൂമിക്കടിയിലെ അവയുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് ഞങ്ങൾക്ക് കൂടുതൽ അറിയില്ല. അവ ഭൂമിക്ക് പുറത്തെത്തുമ്പോൾ സംഭവിക്കുന്നതിനെക്കുറിച്ച് മാത്രമാണ് അറിവുളളത്,” ദാസ് പറഞ്ഞു.

”പർപ്പിൾ തവളകളിലെ 50 ശതമാനവും സംരക്ഷണ മേഖലയ്ക്ക് പുറത്താണുളളത്. അംഗീകാരം ലഭിക്കാതെയുളള അണക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ഇവയുടെ നാശത്തിന് കാരണമായിട്ടുണ്ട്. ഇവയുടെ പ്രജനന സ്ഥലത്ത് നടക്കുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ മൂലം ഓരോ വർഷവും നൂറുകണക്കിന് പർപ്പിൾ തവളകളാണ് ചത്തൊടുങ്ങുന്നത്. ഒരിക്കൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിൽ 36 പർപ്പിൾ തവളകളെ ഞങ്ങൾ കണ്ടെത്തിയിരുന്നു. രണ്ടു മണിക്കൂറിനുളളിൽ വാഹനങ്ങൾ കയറിയിറങ്ങി അവയുടെ മുട്ടകൾ റോഡിൽ ചിന്നിച്ചിതറി കിടക്കുന്നതും കണ്ടു. ഒരു ദിവസം മാത്രമാണ് അവ ഭൂമിക്ക് മുകളിലേക്ക് വരുന്നത്, അപ്പോൾ സംഭവിക്കുന്നത് ഇതാണ്,” ദാസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.