കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ തിരിമറി നടത്തിയ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടന്നതായി സംശയം. മറ്റ് ഇടപാടുകാരുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതും ബാങ്ക് പരിശോധിച്ച് വരികയാണ്.പണം തട്ടിയ മാനേജര്‍ എംപി റിജില്‍ ഇപ്പോഴും ഒളിവിലാണ്.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോഴിക്കോട് കോര്പ്പറേഷന് അക്കൗണ്ടില്‍ നിന്ന് മാത്രം പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഇതില്‍ രണ്ട് കോടി 53 ലക്ഷം രൂപ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ശാഖ മാനേജര്‍ റിജില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. ബാങ്ക്അക്കൗണ്ടുകളില്നിന്ന് 12 കോടിയോളം രൂപകൂടി കാണാതായതായാണ് കോഴിക്കോട് കോര്പ്പറേഷന് പരിശോധനയില്‍ കണ്ടെത്തിയത്. കുടുംബശ്രീയുടെ അക്കൗണ്ടില്‍നിന്നുമാത്രം 10 കോടിയിലേറെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്റെ പരിശോധനയില്‍ കണ്ടെത്തിയത്.
കോര്പറേഷന് അക്കൗണ്ടിലെ 98 ലക്ഷം രൂപ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ 12 കോടി രൂപയുടെ തട്ടിപ്പിലെത്തി നില്‍ക്കുന്നത്. 2 കോടി 54 ലക്ഷം രൂപ നഷ്ടമായതായെന്ന് കാട്ടി കോര്പറേഷന് പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ ഇന്ന് ബാങ്ക് അധികൃതര്‍ ഈ തുക കോര്പറേഷന് അക്കൗണ്ടില്‍ തിരികെ നിക്ഷേപിച്ചിരുന്നു.