കൊല്ലം: ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ വയോധികന്റെ മുഖത്തടിച്ച എസ്‌ഐക്കെതിരെ ശിക്ഷാ നടപടി. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ ഷജീമിനെ തീവ്രപരിശീലനത്തിനായി കുട്ടിക്കാനത്തെ കെഎപി അഞ്ചാം ബറ്റാലിയനിലേക്ക് അയച്ചു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാവും തുടര്‍ നടപടികള്‍. ഹെല്‍മറ്റില്ലാതെ ബൈക്കിനു പുറകില്‍ യാത്ര ചെയ്തതിനായിരുന്നു പൊലീസിന്റെ ഈ നടപടി. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെ(69)യാണ് പ്രൊബേഷന്‍ എസ്‌ഐ ഷജീം മര്‍ദിച്ചത്.

കൊല്ലം ജില്ലാ റൂറല്‍ എസ്പി ഹരിശങ്കര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ. എസ്‌പി വിനോദിനാണ് അന്വേഷണച്ചുമതല. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. അന്വേഷണ റിപ്പോര്‍ട്ട് കൂടി വന്നശേഷം കേരള പൊലീസ് അക്കാദമി ഡയറക്ടര്‍ കൂടിയായ എഡിജിപി ആകും മറ്റ് ശിക്ഷാനടപടികള്‍ തീരുമാനിക്കുക.

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വികെ. ബീനാ കുമാരി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.