വയനാട്: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വസന്ത കുമാറിന് നാടിന്റെ യാത്രാമൊഴി. ആയിരങ്ങളാണ് അന്ത്യോപചാരം അർപ്പിക്കാന്‍ പൊതുദർശനം നടന്ന ഇടങ്ങളിലെത്തിയത്. തൃക്കെെപ്പറ്റയിലെ കുടുംബ വീട്ടില്‍ വച്ചായിരുന്നു സംസ്കാരം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ അന്തിമോചാരം അർപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വസന്ത കുമാറിന്റെ ഭൗതിക ശരീരം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചത്.സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങിയ ഭൗതിക ശരീരം വിലാപ യാത്രയോടെയാണ് വയനാട്ടിലേക്ക് കൊണ്ടു പോയത്. വസന്ത കുമാര്‍ പഠിച്ച ലക്കിടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം കാണാനും ജവാന് അന്ത്യോപചാരം അർപ്പിക്കാനുമായി നിരവധി പേരാണ് എത്തിയത്. പൊതുദർശനത്തിന് ശേഷം തൃക്കൈപറ്റ വില്ലേജിലുള്ള മുക്കംകുന്ന് എന്ന സ്ഥലത്ത് സംസ്ഥാന-സൈനിക ബഹുമതികളോടെ സംസ്‌കരിക്കുകയായിരുന്നു.

ജമ്മുവില്‍നിന്നും ശ്രീനഗറിലേക്ക് പോകുന്ന സൈനിക വാഹനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പ് വസന്ത കുമാര്‍ അമ്മയോട് ഫോണില്‍ സംസാരിച്ചിരുന്നു. പുതിയ ബെറ്റാലിയനില്‍ ചേരുന്നതിനായി ശ്രീനഗറിലേക്ക് പോവുകയാണെന്നും അവിടെ എത്തിയ ഉടന്‍ തിരിച്ചുവിളിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. പക്ഷേ പിന്നെ കുടുംബം കേട്ടത് വസന്ത കുമാറിന്റെ മരണ വാര്‍ത്തയായിരുന്നു.

വയനാട് ലക്കിടി സ്വദേശിയാണ് 42 കാരനായ വസന്ത കുമാര്‍. ഈ മാസമാദ്യം വസന്ത കുമാര്‍ അവധിക്ക് വീട്ടിലെത്തിയിരുന്നു. അഞ്ചു ദിവസത്തെ അവധിക്കുശേഷം ഫെബ്രുവരി 8 നാണ് ജമ്മുവിലേക്ക് മടങ്ങിയത്.

10.00 PM: സംസ്ഥാന-സൈനിക ബഹുമതികളോടെ അന്തകുമാറിന്റെ മൃതദേഹം സംസ്കരിച്ചു. ആയിരങ്ങളായിരുന്നു ജവാനെ അവസാന നോക്ക് കാണാനായി എത്തിയത്. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സംസ്ഥാന മന്ത്രിമാരും അന്തിമോപചാരം അർപ്പിച്ചു.

9.26 PM: തൃക്കെെപ്പറ്റയിലെ കുടുംബ വീട്ടിലേക്ക് വസന്തകുമാറിന്റെ മൃതദേഹം എത്തിച്ചു. സംസ്കാര ചടങ്ങുകള്‍ ഉടന്‍ ആരംഭിക്കും.

7.19 PM: സംസ്കാര ചടങ്ങുകള്‍ക്കായി വസന്തകുമാറിന്റെ മൃതദേഹം തൃക്കെെപ്പറ്റയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടു പോയി.

7.10 PM: അതീവ വെെകാരികമായാണ് നാട് വസന്തകുമാറിന് വിട ചൊല്ലുന്നത്. ധീര ജവാനെ അവസാന നോക്ക് കാണാനായി സ്കൂളിലേക്ക് എത്തിയത് നിരവധി പേരാണ്.

6.45 PM: മൃതദേഹം ലക്കിടി എല്‍പി സ്കൂളിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം സംസ്കരിക്കും.

6.00 PM: വസന്തകുമാറിന്റെ മൃതദേഹം ലക്കിടിയിലെ വീട്ടിലെത്തിച്ചു.

3.44 PM: അൽപ്പ സമയത്തിനകം വാഹനം ചുരം കയറും

3.43 PM: വസന്ത കുമാറിന് കോഴിക്കോട് ജില്ലാ ഭരണകൂടം ആദരാഞ്ജലി അർപ്പിച്ചു. ഇതിനായി സിആർപിഎഫിന്റെ വാഹനം തൊണ്ടയാട് ബൈപ്പാസിൽ ഒരു നിമിഷം നിർത്തി

3.09 PM: കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അൽഫോൺസ് കണ്ണന്താനം, സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ഇ.പി ജയരാജൻ, എ.കെ ശശീന്ദ്രൻ, കെ.ടി ജലീൽ എന്നിവർ അന്ത്യോപചാരമർപ്പിക്കും

3.05 PM: കേന്ദ്ര-സംസ്ഥാന മന്ത്രിമാർ അന്തിമോപചാരമർപ്പിക്കും

2.52 PM: വസന്ത കുമാറിന്റെ മൃതദേഹവുമായി സിആർപിഎഫിന്റെ പ്രത്യേക വാഹനം കരിപ്പൂരിൽ നിന്നും വയനാട്ടിലേക്ക് യാത്ര തിരിച്ചു

vasantha kumar

2.46 PM: ജീവത്യാഗം ചെയ്ത ധീര ജവാനെ അവസാനമായി കാണാൻ ആയിരങ്ങളാണ് വിമാനത്താവളത്തിൽ തടിച്ചു കൂടിയത്.

2.45 PM: മൃതദേഹം സൈനിക വാഹനത്തിൽ കയറ്റി. ജന്മനാട്ടിലേക്കുള്ള വിലാപ യാത്ര ആരംഭിക്കുന്നു

2:00 PM: വസന്ത കുമാറിന്റെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.