തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തിയതി മാറ്റിവച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാല്‍, കോവിഡ് വാക്‌സിൻ വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്‌സിൻ വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Read Also: കോവിഡ്-19 വാക്സിനേഷൻ: ലോകം എവിടെ എത്തിനിൽക്കുന്നു; കണക്കുകൾ അറിയാം
അതേസമയം, കോവിഡ് വാക്‌സിൻ വിതരണം പതിനാറാം തീയതി മുതൽ ആരംഭിക്കും. ഇതിനായി സംസ്ഥാനത്ത് വൻ രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ 3,54,897 പേരാണ് കോവിഡ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,67,751 പേരും സ്വകാര്യ മേഖലയിലെ 1,87,146 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ ‘വയോമിത്രം’ പദ്ധതിയിലെ 570 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്.