കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാർച്ച് മൂന്നിലേക്ക് മാറ്റിവച്ചു. കേസിൽ സർക്കാരിന്റെ നിലപാട് അറിയുന്നതിനാണ് മാറ്റിവച്ചത്. ഇന്നലെയാണ് പ്രതികൾ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

പൾസർ സുനിയെ കൂടാതെ മണികണ്ഠൻ, വിജീഷ് എന്നിവരും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ മണികണ്ഠനെ ഇന്നലെ രാത്രി പാലക്കാട് വച്ച് അന്വേഷണ സംഘം പിടികൂടി. ഇയാൾ സുനിയുമായി തെറ്റിപ്പിരിഞ്ഞതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഇന്നലെ രാവിലെ സുനിയെ പിടികൂടാൻ പൊലീസ് സംഘം അന്പലപ്പുഴയിൽ എത്തിയെങ്കിലും ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. പ്രതി രണ്ടാം തവണയാണ് പൊലീസിന്റെ പിടിയിൽ അകപ്പെടാതെ രക്ഷപ്പെടുന്നത്. സുനിക്കായി ഊർജ്ജിതമായി തിരച്ചിൽ നടത്തുന്ന അന്വേഷണ സംഘം ഇയാളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ്.

വെള്ളിയാഴ്ച രാത്രിയാണ് നടിയെ സുനിയും മറ്റ് രണ്ട് പേരും ചേർന്ന് തട്ടിക്കൊണ്ടു പോയത്. ഇവർക്ക് സഹായിച്ചെന്ന സംശയത്തിൽ നടി സഞ്ചരിച്ചിരുന്ന കാർ ഓടിച്ച ഡ്രൈവർ മാർട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്ക് സഹായം നൽകിയ വടിവാൾ സലിം, പ്രദീപ് എന്നിവരെയും പിടികൂടി. മണികണ്ഠനുൾപ്പടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം നാലാണ്. നടിയുടെ മൊഴി അനുസരിച്ച് സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതോടെ സിനിമാ മേഖലയിലുള്ളവരിലേക്കും അന്വേഷണം നീങ്ങുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ