കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ കത്തിന് മുകളിലെ അവ്യക്തതകൾ മറനീക്കി പുറത്തുവരുന്നു. നടൻ ദിലീപിന് എഴുതിയിരിക്കുന്ന   കത്തിലെ കൈയ്യക്ഷരം പൾസർസുനിയുടേതല്ലെന്ന് ഇയാളുടെ അഭിഭാഷകനാണ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ സുനിയുടെ സഹതടവുകാരനായിരുന്ന നിയമ വിദ്യാർത്ഥിയാണ് കത്ത് എഴുതി നൽകിയതെന്നാണ് സൂചനകൾ .

കേസിന്റെ ആവശ്യത്തിനായി മരട് കോടതിയിലെത്തിയപ്പോഴാണ് കത്ത്  വിഷ്ണുവിന് കൈമാറിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സുനിലിന്റെ സഹതടവുകാരനായിരുന്നു വിഷ്ണു എന്നാണ്  പുറത്തുവന്നിട്ടുളള വിവരം. ജയിലിനകത്ത് ആസൂത്രണം ചെയ്തത് പ്രകാരം നിയമവിദ്യാർത്ഥിയായ ആളാണ് കോടതിയിൽ വച്ച് വിഷ്ണുവിന് കത്ത് കൈമാറിയത്. ഇതോടെ കേസിൽ ജിൻസണ് പുറമേ കൂടുതൽ പേരുടെ മൊഴി പൊലീസ് എടുത്തേക്കാനുള്ള സാധ്യതകളാണ് ഉണ്ടാകുന്നത്. നേരത്തേ ചാലക്കുടി സ്വദേശി ജിൻസൺ എന്നയാളോട് കേസിന്റെ വിശദാംശങ്ങൾ സുനി വെളിപ്പെടുത്തിയെന്ന് വാർത്ത പുറത്തുവന്നിരുന്നു.

മലയാള സിനിമ മേഖലയിലെ ഉന്നതരുമായി തനിക്ക് ഉറ്റ ബന്ധമുണ്ടെന്ന് പൾസർ സുനി സഹതടവുകാരോട് പറഞ്ഞതായാണ് പുറത്തുവരുന്ന മറ്റ് വിവരം. ദിലീപിന്റെ ബ്ലാക് മെയിലിംഗ് പരാതിയിൽ പ്രത്യേക അന്വേഷണം നടക്കുന്നില്ലെന്ന് എറണാകുളം റൂറൽ എസ്‌പി എ.വി.ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പുനരന്വേഷണമല്ല നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷ്ണു എന്നൊരാൾ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കി ഇന്നലെ നടൻ ദിലീപും സുഹൃത്ത് നാദിർഷയും രംഗത്ത് വന്നിരുന്നു. കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നതായി രണ്ടുപേരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കത്തിന് പുറകിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

ഇന്നലെ രാവിലെ പുറത്തുവന്ന പൾസർ സുനിയുടെ കത്ത് കാക്കനാട് ജില്ല ജയിലിൽ നിന്നെഴുതിയതാണെന്ന് പൊലീസ് അധികൃതർ വൈകിട്ട് സ്ഥിരീകരിച്ചിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിർഷയെ കുറിച്ചും കത്തിൽ പരാമർശമുണ്ട്.

കേസാവശ്യത്തിനെന്ന് പറഞ്ഞ് പൾസർ സുനി എന്ന സുനിൽ കുമാർ ജയിലധികൃതരോട് കടലാസ് വാങ്ങിയിരുന്നതായി അധികൃതർ സമ്മതിച്ചു. ഇതിന് ജയിലിലെ മുദ്ര പതിപ്പിച്ചിരുന്നു. കത്തിലുള്ള മുദ്ര ഇത് തന്നെയാണെന്ന് ജയിലധികൃതർ വ്യക്തമാക്കി. എന്നാൽ മദ്രയ്ക്കൊപ്പമുള്ള നമ്പർ നോക്കി കടലാസ് ആർക്ക് നൽകിയതാണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. എങ്കിലും കത്ത് ജയിലിൽ നിന്ന് തന്നെ എഴുതിയതാണെന്ന് സ്ഥിരീകരിച്ചു.

കത്തെഴുതിയ നിയമ വിദ്യാർത്ഥി കൂടി കേസിന്റെ ഭാഗമായതോടെ കൂടുതൽ പേരോട് പൾ സർ സുനി കാര്യങ്ങൾ വെളിപ്പെടുത്തിയെന്ന സംശയമാണ് ഉയരുന്നത്. എന്നാൽ 164ാം വകുപ്പ് പ്രകാരം സഹതടവുകാരുടെ മൊഴിയെടുത്താൽ പോലും കൂടുതൽ വിശദമായ അന്വേഷണം ആവശ്യമായി വരും. ഈ മൊഴികളെ അടിസ്ഥാനപ്പെടുത്തി തെളിവുകൾ ശേഖരിച്ചാലേ ഇപ്പഴത്തെ വെളിപ്പെടുത്തലുകൾക്ക് നിയമപരമായി സാധുത ലഭിക്കൂ.

രണ്ട് പേജിൽ വിശദമായി എഴുതിയ കത്തിൽ തന്റെ കൂടെയുള്ളവരെ രക്ഷിക്കണമെന്നും തനിക്ക് പൈസ ആവശ്യമാണെന്നുമാണ് പൾസർ സുനി സൂചിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ