കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ജയിലിൽ ഫോൺ ഉപയോഗിച്ച കേസിൽ പൾസർ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ കൂടുതൽ സംശയങ്ങൾ പൂർത്തീകരിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചതായാണ് സൂചന.

നടൻ ദിലീപിന് കേസുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. കത്തെഴുതാന്‍ ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് വിപിന്‍ ലാല്‍ പറഞ്ഞത് രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന നിലയിലാണ് അന്വേഷണ സംഘം സമീപിക്കുന്നത്.

അതേസമയം സുനിക്കായി അഭിഭാഷകൻ ബിഎ ആളൂർ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുമോയെന്ന കാര്യം വ്യക്തമല്ല. പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും തന്റെ കസ്റ്റഡി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പൾസർ സുനി നൽകിയ ഹർജി കോടതി നേരത്തേ തള്ളിയിരുന്നു. പൊലീസ് മർദ്ദിച്ചു എന്ന വാദം ഡോക്ടറുടെ കൂടി ഭാഗം കേട്ട ശേഷം കോടതി തള്ളി. അഭിഭാഷകനുമായി ദിവസേന സംസാരിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല.

കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പൾസർ സുനിയുടെ അപേക്ഷ തളളിയത്. ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ സുനിയുമായി ജയിലിൽ അടുപ്പമുണ്ടായിരുന്ന വിഷ്ണുവിനേയും, വിപിൻ ലാലിനേയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. 3 ദിവസത്തേക്കാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

കാക്കനാടു ജില്ലാ ജയിലിലേക്കു മൊബൈൽ ഫോൺ ഒളിച്ചു കടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസിലാണ് സുനിലിനെ കസ്റ്റഡിയിൽ വാങ്ങിയത്. ഗൂഢാലോചന സംബന്ധിച്ച തെളിവുകളോടെയാണു പൊലീസിന്റെ ചോദ്യം ചെയ്യൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ