കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിനെതിരെയുള്ള എല്ലാ കേസുകളും പൊലീസ് ഉടൻ അന്വേഷിക്കണമെന്ന് കോൺഗ്രസ് എംഎൽഎ പി.ടി.തോമസ്. സുനിൽകുമാർ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് വിദേശ യാത്ര നടത്തിയിട്ടുണ്ട് എന്നും മനുഷ്യക്കടത്തിലെ പ്രധാന കണ്ണിയാണ് എന്നും പി.ടി.തോമസ് ആരോപിച്ചു.

തനിക്കേറെ വിശ്വാസമുളള ആളാണ് ഈ വിവരം നല്‍കിയത്. മനുഷ്യക്കടത്തിന് ഇയാള്‍ ആരെയൊക്കെയാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തണം. സുനിയുടെ വിദേശയാത്രയെക്കുറിച്ചും പാസ്‌പോര്‍ട്ടിനെക്കുറിച്ചും അന്വേഷണം വേണം.

ഇടക്കാലത്ത് സിനിമയില്‍ എത്തിയവരില്‍ പലരും ഇവിടെനിന്ന് മാറിപ്പോയതായി കേള്‍ക്കുന്നു. മനുഷ്യക്കടത്തില്‍ ഇവര്‍ അകപ്പെട്ടതാണോ എന്നും അന്വേഷിക്കണം. സര്‍ക്കാരിന്റെ നിലപാട് കണക്കിലെടുത്ത് സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പി.ടി തോമസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ