തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ അഭിഭാനകരമായ നേട്ടമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. സംഭവം നടന്നതിന് ശേഷം ആറാംദിവസമാണ് പൊലീസ് മുഖ്യപ്രതിയായ പൾസർ സുനിയെ കസ്റ്റഡിയിൽ​ എടുക്കുന്നത്. പൾസർ സുനിയെ കസ്റ്റഡിയിൽ എടുക്കാൻ നേത്രത്വം വഹിച്ച പൊലീസ് അഭിനന്ദനം അർഹിക്കുന്നുവെന്നും ഡിജിപി പറഞ്ഞു.

കേസ് അന്വേഷണം മാജിക്കൊന്നും അല്ല എന്ന് ആവർത്തിച്ച ലോക്‌നാഥ് ബെഹ്റ കോടതിക്ക് മുറിയിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തതിനെപ്പറ്റി പ്രതികരിക്കാൻ തയാറായില്ല. അന്വേഷണത്തിൽ യാതൊരുവിധ വീഴ്ചയും പൊലീസ് വരുത്തിയിട്ടില്ലെന്നും ആത്മാർഥമായാണ് കേരള പൊലീസ് കേസ് അന്വേഷിച്ചതെന്നും ഡിജിപി പറഞ്ഞു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന സുനിയെ ചോദ്യംചെയ്താൽ മാത്രമേ വ്യക്തമാകൂവെന്നും ഡിജിപി പ്രതികരിച്ചു.

ആലുവ പൊലീസ് ക്ലബിൽ പൾസർ സുനിയെ ചോദ്യം ചെയ്ത് വരികയാണ്. എഡിജിപി ബി സന്ധ്യയുടേയും ഐജി ദിനേന്ദ്ര കശ്യപിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ