കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽ കുമാർ നടി കാവ്യാ മാധവന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. രണ്ടു മാസത്തോളം സുനിൽ കുമാർ കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്ന മൊഴി സുനിൽ കുമാർ നൽകിയതായാണ് വിവരം. കാവ്യ മാധവനും ദിലീപും സുനിൽ കുമാർറും ഒപ്പമുളള ചിത്രം പൊലീസിന് ലഭിച്ചതായും വിവരമുണ്ട്.

കാവ്യയെ ചോദ്യം ചെയ്തപ്പോൾ സുനിൽ കുമാറിനെ അറിയില്ലെന്നായിരുന്നു മൊഴി നൽകിയത്. ഇതിൽ വ്യക്തത വരുത്താൻ കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കും. കൂടുതൽ അന്വേഷണത്തിനു ശേഷമാകും കാവ്യയെ വീണ്ടും ചോദ്യം ചെയ്യുക. ഇതിനായി കാവ്യയുമായി അടുപ്പമുള്ള കൂടുതലാളുകളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

ആക്രമണത്തിനിരയായ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർ‍ഡ് കാവ്യ മാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തി കൈമാറിയെന്നായിരുന്നു സുനിൽ കുമാർ പൊലീസിന് നൽകിയ മൊഴി. എന്നാൽ സുനിലിനെ സംഭവത്തിന് ശേഷം മാധ്യമങ്ങളിലൂടെ കണ്ട പരിചയം മാത്രമാണ് തനിക്കുള്ളതെന്നും തന്‍റെ സ്ഥാപനത്തിൽ ഇയാളെത്തിയതായി അറിയില്ലെന്നുമാണ് കാവ്യ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ