കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് നീട്ടി. കേസിൽ ഇയാളെ നുണപരിശോധന നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിന് സമ്മതമല്ലെന്ന് പ്രതി കോടതിയിൽ മറുപടി നൽകി.

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസ് കടുത്ത സമ്മർദ്ദത്തിലാണ്. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ ഫോണും മെമ്മറി കാർഡും കണ്ടെത്താനാകാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പല തവണ ചോദ്യം ചെയ്തിട്ടും പൾസർ സുനി പൊലീസിനോട് പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയാണ്. ഇയാളുടെ മൊഴികൾ പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.

ഇതേ തുടർന്നാണ് നുണപരിശോധനയിലൂടെ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തിയത്. ഇത് കോടതിയിൽ പ്രതി എതിർത്തു. ഇയാളുടെ സമ്മതം ഇല്ലാതെ നുണ പരിശോധന നടത്താനാവില്ല. കേസിലെ നിർണ്ണായക വിവരങ്ങളാണ് ഇപ്പോഴും പൊലീസിന് കണ്ടെത്താനാകാത്തത്. ഈ സാഹചര്യത്തിൽ അന്വേഷണം തന്നെ വഴിമുട്ടിയ അവസ്ഥയാണ്. ഗൂഢാലോചന സംബന്ധിച്ചും പൾസർ സുനിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.

കേസിലെ കണ്ടെത്തലുകൾ പ്രതികൾക്ക് ശിക്ഷ വാങ്ങിനൽകാൻ പര്യാപ്തമല്ലെന്നാണ് പൊലീസ് സേനയ്ക്ക് അകത്തെ ചർച്ചകൾ. പൊതു ജനാഭിപ്രായത്തെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ സേനയ്ക്കും സർക്കാരിനും അത് ദുഷ്‌പേരാകുമെന്നും വിലയിരുത്തലുണ്ട്. ഈ ഘട്ടത്തിൽ അന്വേഷണ സംഘം കടുത്ത സമ്മർദ്ദത്തിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ