കൊച്ചി: 2010 ലും ഒരു നടിയെ തട്ടിക്കൊണ്ട് പോകാൻ പൾസർ സുനിയുടെ സംഘം ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 2011 ൽ നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുപേരെ പിടികൂടിയിരുന്നു. അന്ന് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ കണ്ണൂർ പാടിച്ചാൽ സ്വദേശി സുനീഷിനെ ഇന്നു രാവിലെയാണ് പിടികൂടിയത്. ഇയാളിൽനിന്നുമാണ് 2010 ൽ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചതെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിലുണ്ട്.

2010 ൽ കാസർഗോഡ് ചെറുവത്തൂരിൽവച്ചാണ് നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സുനില്‍കുമാറും സംഘവും ഇതിനായി ചെറുവത്തൂരില്‍ എത്തിയിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. വേറെയും നടിമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

2011 ലെ തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നടിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. എറണാകുളത്തേക്ക് ഷൂട്ടിങ്ങിന് വന്നപ്പോള്‍ സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നടിയെ കൊണ്ടുവരാൻ ഏർപ്പാടാക്കിയ വാഹനത്തിലാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. ഈ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ സുനില്‍ കുമാറാണെന്നും ഇയാളുടെ സംഘത്തിലുള്ളവരാണ് ഇത് നടപ്പാക്കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അന്ന് നടിക്ക് ഒപ്പം യാത്ര ചെയ്യേണ്ടിയിരുന്ന മറ്റൊരു നടിയെയാണ് പൾസർ സുനി ലക്ഷ്യമിട്ടിരുന്നതെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ