scorecardresearch
Latest News

‘മാഡം’ മറയത്ത് തന്നെ: പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് കോടതി

മാഡം ഒരു സിനിമാ നടിയാണെന്നും നടിയുടെ പേര് ഇന്ന് വെളിപ്പെടുത്തുമെന്നുമായിരുന്നു സുനി കഴിഞ്ഞ ദിവസം പറഞ്ഞത്

actress attack case, pulsar suni

കോട്ടയം: യുവനടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ കോടതി നിർദേശം. കാക്കനാട് ജയിലിൽ തനിക്ക് ചിലരിൽ നിന്നും ഉപദ്രവം ഉണ്ടായെന്ന് പൾസർ സുനി കോടതിയെ ധരിപ്പിച്ചിരുന്നു.

മാഡം ഒരു സിനിമാ നടിയാണെന്നും നടിയുടെ പേര് ഇന്ന് വെളിപ്പെടുത്തുമെന്നുമായിരുന്നു സുനി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ വെളിപ്പെടുത്തല്‍ നടത്തിയാല്‍ താന്‍ ജയിലില്‍ അനുഭവിക്കേണ്ടി വരുമെന്ന് സുനി പറഞ്ഞു.

വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സിംകാർഡ് സംഘടിപ്പിച്ച കേസിൽ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സുനിയെ കഴിഞ്ഞ ദിവസം ഹാജരാക്കിയിരുന്നു. ഇതിനു പുറത്തിറങ്ങിയപ്പോഴാണു മാധ്യമങ്ങളോടായി പൾസർ സുനി ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന നടത്തിയ മാഡം സിനിമ നടിയാണെന്ന് നേരത്തേ വ്യക്തമാക്കിയ പൾസർ സുനി ഇന്നലെ കോടതിയിൽ ഇവരുടെ പേര് പറയുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ ആദ്യം എറണാകുളം ജില്ല കോടതിയിൽ സുനിയെ ഹാജരാക്കിയിപ്പോൾ, അങ്കമാലി കോടതിയിൽ മാഡത്തിന്റെ പേര് വെളിപ്പെടുത്തുമെന്നാണ് വിശദീകരിച്ചത്. പക്ഷെ റിമാന്റ് നീട്ടിക്കിട്ടിയ സാഹചര്യത്തിൽ, സുനിയെ അങ്കമാലി കോടതിയിൽ ഹാജരാക്കാതെ പൊലീസ് നേരെ ജയിലിലേക്ക് പോവുകയായിരുന്നു.

അതേസമയം അങ്കമാലി കോടതിയിൽ സുനിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.ബി.എആളൂർ അപേക്ഷ നൽകിയിട്ടുണ്ട്. സുനിയുടെ ജാമ്യഹർജിയിലാണ് അങ്കമാലി കോടതി വാദം കേൾക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ മാഡം എന്നത് കെട്ടുകഥയല്ലെന്ന് പൾസർ സുനി നേരത്തെ പറഞ്ഞിരുന്നു. മാഡം സിനിമ രംഗത്ത് നിന്നുള്ളയാളാണെന്നും, ആലുവ ജയിലിൽ കഴിയുന്ന വിഐപി ഇക്കാര്യം പറഞ്ഞില്ലെങ്കിൽ ഓഗസ്റ്റ് 16ന് താൻ ഇത് വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞിരുന്നു. ഇതാണ് ഇന്ന് സുനി വീണ്ടും ആവർത്തിച്ചത്.

നേരത്തെ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് പൾസർ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനാണെന്നായിരുന്നു പൊലീസ് ഭാഷ്യം. ആക്രമണ സമയത്ത് ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് ആക്രമണത്തിനിരയായ നടിയോട് സുനി പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിന് മൊഴി നൽകിയപ്പോൾ നടി പറഞ്ഞിരുന്നു. പൊലീസിന് നൽകിയ മൊഴിയിലും ഒരു മാഡത്തെക്കുറിച്ച് സുനി പറഞ്ഞിരുന്നു. എന്നാൽ അന്വേഷണം ദിലീപിലേക്ക് എത്താതിരിക്കാൻ സുനി പ്രയോഗിച്ച തന്ത്രമാണ് ഇതെന്നാണ് പൊലീസ് പറഞ്ഞതെന്നായിരുന്നു ചാനൽ റിപ്പോർട്ടുകൾ. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് മാഡത്തെക്കുറിച്ച് സുനി തന്നെ വെളിപ്പെടുത്തിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pulsar suni to be appear before court today