കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലുള്ള പള്‍സര്‍ സുനിയുടെ പക്കല്‍ മറ്റു സ്തീകളുടേയും ദൃശ്യങ്ങള്‍ ഉണ്ടെന്ന് സംശയം. ചിലരെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ബ്ലാക്ക്‌മെയില്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

2011ൽ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ് സുനി. വ്യാഴാഴ്ച അസി. കമ്മിഷണര്‍ കെ. ലാല്‍ജി, സി.ഐ. അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ സൗത്ത് റെയില്‍വേ സ്റ്റേഷന്‍, പൊന്നുരുന്നി, വൈറ്റില, റമദ റിസോര്‍ട്ട് എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു. കേസിലെ മറ്റ് പ്രതികള്‍ റിമാന്‍ഡിലാണ്.

പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ചോദ്യംചെയ്തപ്പോള്‍ യുവനടിയെ ആക്രമിച്ച കേസിന്റെ നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നാണ് അറിയുന്നത്. യഥാര്‍ഥദൃശ്യങ്ങള്‍ എവിടെയെന്ന് കണ്ടെത്താനാകാത്തത് കേസില്‍ ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഒരു പ്രമുഖന്റെ പേര് കുറേ ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, അഭ്യൂഹങ്ങൾക്ക് പിന്നാലെയല്ലെന്ന് പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ