കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസ് വൻ വിവാദത്തിലേക്കെന്ന സൂചന നൽകി കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് രാവിലെ പുറത്തുവന്ന പൾസർ സുനിയുടെ കത്ത് കാക്കനാട് ജില്ല ജയിലിൽ നിന്നെഴുതിയതാണെന്ന് പൊലീസ് അധികൃതർ സ്ഥിരീകരിച്ചു. ദിലീപേട്ടന് എന്ന് വിലാസപ്പെടുത്തിയ കത്ത് മലയാളത്തിലെ മുൻനിര നായക നടനായ ദിലീപിനുള്ളതാണെന്നാണ് കരുതപ്പെടുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിർഷയെ കുറിച്ചും കത്തിൽ പരാമർശമുണ്ട്.

കേസാവശ്യത്തിനെന്ന് പറഞ്ഞ് പൾസർ സുനി എന്ന സുനിൽ കുമാർ ജയിലധികൃതരോട് കടലാസ് വാങ്ങിയിരുന്നതായി അധികൃധർ സമ്മതിച്ചു. ഇതിന് ജയിലിലെ മുദ്ര പതിപ്പിച്ചിരുന്നു. കത്തിലുള്ള മുദ്ര ഇത് തന്നെയാണെന്ന് ജയിലധികൃതർ വ്യക്തമാക്കി. ഇതോടെ കത്ത് ജയിലിൽ നിന്നെഴുതിയതാണെന്ന് സ്ഥിരീകരിച്ചു.

കത്തെഴുതിയ കടലാസ് ജയിലിലേതെന്ന് സ്ഥിരീകരിച്ചതോടെ വിവരങ്ങളെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. പൾസർ സുനിയാണ് കടലാസ് വാങ്ങിയതെങ്കിലും ഇത് കൊണ്ട് മാത്രം സുനിലാണ് ഇതിന് പിന്നിലെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ കത്ത് എഴുതിയതാരെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

രണ്ട് പേജിൽ വിശദമായി എഴുതിയ കത്തിൽ തന്റെ കൂടെയുള്ളവരെ രക്ഷിക്കണമെന്നും തനിക്ക് പൈസ ആവശ്യമാണെന്നുമാണ് പൾസർ സുനി സൂചിപ്പിച്ചിരിക്കുന്നത്.

“വളരെ ബുദ്ധിമുട്ടിയാണ് ഞാനീ കത്തെഴുതുന്നത്. കത്ത് കൊണ്ടുവരുന്നവന് കേസിനെ കുറിച്ച് ഒന്നും അറിയില്ല. കോടതിയിൽ കീഴടങ്ങും മുൻപ് കാക്കനാട്ടെ ഷോപ്പിൽ വന്നിരുന്നു. എല്ലാവരും ആലുവയിലാണെന്ന് പഞ്ഞു. ഏൽപ്പിച്ച ആളുടെ പേര് പറയാതിരിക്കുന്നതിന് എന്നെ എല്ലാവരും കുറ്റപ്പെടുത്തുന്നുണ്ട്” കത്തിൽ പറയുന്നു.

“നാദിർഷയെ വിശ്വസിക്കണോ വേണ്ടയോ എന്ന് പറയണം. ഒരാഴ്ച കഴിഞ്ഞാൽ ഇപ്പോഴത്തെ വക്കീലിനെ മാറ്റും. എനിക്ക് ചേട്ടൻ തരാമെന്ന് പറഞ്ഞ പൈസ ഫുൾ ആയിട്ട് ഇപ്പോൾ വേണ്ട. അഞ്ച് മാസം കൊണ്ട് തന്നാൽ മതി. ഞാൻ നേരിട്ട് നാദിർഷയെ വിളിക്കും. അതിഷ്ടമല്ലെങ്കിൽ എന്റടുത്തേക്ക് ആളെ വിടുക. അതുമല്ലെങ്കിൽ എന്റെ ജയിലിലെ നമ്പറിലേക്ക് 300 രൂപ മണി ഓർഡർ അയക്കുക.”

“എനിക്ക് ഇനി സമയം കളയാനില്ല. മറ്റാരെങ്കിലും എന്റെ കാര്യം പറഞ്ഞ് വന്നാൽ വിശ്വസിക്കണ്ട. ഇതുവരെ ഞാൻ ചേട്ടനെ സേഫ് ആക്കിയിട്ടേയുള്ളൂ. എനിക്ക് അത്രയും ബുദ്ധിമുട്ടായത് കൊണ്ടാണ്.” എന്നിങ്ങനെയാണ് കത്ത് നീളുന്നത്.

ഈ കത്തിലെ കാര്യങ്ങൾ പക്ഷെ നടൻ ദിലീപ് നിഷേധിച്ചിട്ടുണ്ട്. തടവിൽ കഴിയുന്ന പൾസർ സുനിയുടെ സഹതടവുകാരായിരുന്നത് ചാലക്കുടി സ്വദേശി ജിൻസണും വിഷ്ണുവും ആണ്. വിഷ്ണുവിന്റെ പക്കലാണ് സുനിൽ കത്ത് കൈമാറിയത്.

ജിൻസണും വിഷ്ണുവും പിടിച്ചുപറി കേസിലാണ് തടവിൽ കഴിഞ്ഞത്. വിഷ്ണുവിന് സുനിയുമായി നേരത്തേ ബന്ധമുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. വിഷ്ണുവിന്റെ സുഹൃത്താണ് ജിൻസൺ. ഇങ്ങിനെയാണ് സുനിലും ജിൻസണും തമ്മിൽ അടുത്തതെന്നും പൊലീസിൽ നിന്ന് വിവരം ലഭിച്ചു. ഇതോടെ കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ