കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പിടിയിലായ മുഖ്യപ്രതി പൾസർ  സുനിയുമായി പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോയി. പുലർച്ചെ രണ്ടരയോടെയാണ് അന്വേഷണ സംഘം പ്രതിയുമായി കൃത്യം നടന്ന ഇടത്ത് തെളിവെടുക്കാനെത്തിയത്. എന്നാൽ കാര്യമായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

അന്വേഷണവുമായി ആദ്യ ഘട്ടത്തിൽ തന്നെ പ്രതി സഹകരിച്ചിരുന്നില്ല. കീഴടങ്ങാനുള്ള ശ്രമം വിഫലമായ ശേഷം ആലുവ പൊലീസ്  ക്ലബിലെത്തിച്ച പ്രതിയോട് ഇവിടെ വച്ച് പൊലീസ് മണിക്കൂറുകളോളം ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ പ്രതി യാതൊന്നും വിട്ടുപറഞ്ഞില്ല. പിന്നീട് രാത്രി നന്നായി ഭക്ഷണം കഴിപ്പിച്ച ശേഷവും ചോദ്യം ചെയ്യൽ തുടർന്നു. ഇതിന് ശേഷമാണ് പ്രതി കാര്യങ്ങൾ വിട്ടുപറഞ്ഞത്.

കൃത്യം നടത്തിയ ശേഷം ഫ്ലാറ്റിലേക്ക് പൊയെങ്കിലും വഴിക്ക് വച്ച് മൊബൈൽ ഫോൺ ഉപേക്ഷിച്ചെന്നാണ് പ്രതിയുടെ മൊഴി. നടിയുടെ ദൃശ്യങ്ങൾ പ്രതി ചിത്രീകരിച്ചത് സ്വന്തം മൊബൈൽ ഫോണിലാണെന്ന് ഇയാൾ ഇന്നലെ പറഞ്ഞിരുന്നു. ഫോൺ ലഭിക്കാതെ ഈ ദൃശ്യങ്ങൾ നശിപ്പിക്കാൻ പൊലീസിന് സാധിക്കില്ല. ഫോൺ ഉപേക്ഷിച്ചെന്നാണ് പ്രതി പറഞ്ഞതെങ്കിലും ഇത് മറ്റാർക്കോ കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

എന്നാൽ പുലർച്ചെ നടന്ന തെളിവെടുപ്പിൽ പ്രതി പറഞ്ഞ സ്ഥലത്ത് നിന്ന് മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. ഇന്ന് പകൽ സമയത്ത് ഇവിടെ വീണ്ടും തിരച്ചിൽ നടത്തിയേക്കും. രണ്ട് മണിക്കൂറോളമാണ് പ്രതിയുമായി പൊലീസ് സംഘം പുലർച്ചെ യാത്ര  ചെയ്തത്.  ഒരു സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം പ്രതിയുമായി തെളിവെടുപ്പിന് പോയത്.

അതേസമയം ഇന്നലെ സുനിലിന് ഒപ്പം പിടിയിലായ വിജീഷ് ഗൂഢാലോചനയിൽ തനിക്ക് പങ്കില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്. സംഭവം നടന്ന സമയത്ത് നടിയ്ക്കൊപ്പം കാറിൽ ഉണ്ടായിരുന്നതായി ഇയാൾ സമ്മതിച്ചതായാണ് വിവരം. അതേസമയം ഇന്ന് രാവിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ സുനിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പ്രതിയ്ക്ക് ഉറങ്ങാനുള്ള സാവകാശം അന്വേഷണ സംഘം നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഇയാൾ ക്ഷീണിതനാണ്.

കൂട്ടുപ്രതികളുടെ മൊഴികളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ന് ചോദ്യം ചെയ്യുക. ഗാന്ധിനഗറിലെ ഫ്ലാറ്റിൽ നിന്ന് ഒളിവിൽ പോകാൻ നേരം ആലുവയിലെ ഒരു വീട്ടിൽ പോയത് സുനിലും സംഘവുമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവിടെ പോയത് എന്തിനാണ്, ആരായിരുന്നു ഇവർ എന്ന കാര്യവും സുനിലിനോട് ചോദിച്ചിരുന്നെങ്കിലും ഇയാൾ വിട്ടുപറഞ്ഞിട്ടില്ല.

അതേസമയം ഇന്ന് സുനിലിനെയും വിജീഷിനെയും കോടതിയിൽ ഹാജരാക്കും. സുനിയെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്ന് അന്വേഷണ സംഘത്തിൽ നിന്ന് വിവരം ലഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.