കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അങ്കമാലി കോടതി മുഖ്യപ്രതി പൾസർ സുനിയുടെ റിമാന്റ് കാലാവധി നീട്ടി. ഈ മാസം 18 വരെയാണ് പ്രതിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതേസമയം ജയിലിൽ വച്ച് തനിക്ക് പൊലീസ് മർദ്ദനം ഏറ്റുവെന്ന് സുനി കോടതിയിൽ പരാതിപ്പെട്ടു.

മർദ്ദനമേറ്റ കാര്യം ജയിലിൽ തന്നെ പരിശോധിച്ച ഡോക്ടറോട് പറഞ്ഞിരുന്നുവെന്ന് സുനി പറഞ്ഞു. ഈ പരാതി കേട്ട കോടതി, ഉടൻ തന്നെ സുനിയെ ജയിലിൽ ചികിത്സിച്ച ഡോക്ടറോട് വിശദീകരണം തേടി. ഇങ്ങിനെയൊരു കാര്യം തന്നോട് സുനി പറഞ്ഞില്ലെന്നാണ് ഡോക്ടർ കോടതിയെ അറിയിച്ചത്. വൈദ്യപരിശോധനയിലും ഇക്കാര്യം വ്യക്തമായിട്ടില്ലെന്ന് ഡോക്ടർ അറിയിച്ചു.

അതിനിടെ കോടതി മുറിക്കകത്തും നാടകീയ സംഭവങ്ങളുണ്ടായി. പൾസർ സുനിയുടെ വക്കാലത്ത് ഏറ്റെടുക്കാൻ വന്ന അഡ്വ.ബി.എ.ആളൂരും ഇപ്പോഴത്തെ അഭിഭാഷകൻ അഡ്വ.ടെനിയും തമ്മിൽ കോടതി മുറിക്കകത്ത് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി.

കേസ് തേടി അഭിഭാഷകർ ജയിലിൽ പോകുന്ന പതിവില്ലെന്ന് അഡ്വ ടെനി വാദിച്ചു. ഇതിനിടെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തി ടെനിയെ നേരിട്ട അഡ്വ.ആളൂരിനെ കോടതി താക്കീത് ചെയ്തു. അനാവശ്യകാര്യങ്ങൾ കോടതിയിൽ പറയരുതെന്നാണ് അഡ്വ. ആളൂരിനോട് കോടതി ആവശ്യപ്പെട്ടത്.

കേസിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ ജാമ്യം ആവശ്യമില്ലെന്നും പൾസർ സുനി വ്യക്തമാക്കി. അതേസമയം അഡ്വ.ആളൂരിന് പൾസർ സുനിയുടെ വക്കാലത്ത് അനുവദിച്ച് കോടതി ഉത്തരവായി. വക്കാലത്ത് തന്നെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.ആളൂർ, പൾസർ സുനിയെ ജയിലിൽ സന്ദർശിച്ചിരുന്നു. ഇത് പ്രകാരമാണ് തനിക്ക് ആളൂരിനെ വക്കാലത്ത് ഏൽപ്പിക്കാനാണ് ആഗ്രഹമെന്ന് സുനി ഇന്ന് കോടതിയിൽ വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ