കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറിന്റെ (പൾസർ സുനി) ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയുന്നത് നാളത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ജയിലിലെ ഫോൺ ഉപയോഗം സംബന്ധിച്ച കേസിൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് സുനിയെ ഇന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു.

അതേസമയം, ജയിലിലെ ഫോൺ ഉപയോഗം സംബന്ധിച്ച കേസിലാണ് കസ്റ്റഡിയിൽ എടുത്തതെങ്കിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍ നടന്നതെന്ന് സുനിയുടെ അഭിഭാഷകൻ ആളൂർ കോടതിയിൽ വാദിച്ചു. ഫോണ്‍ വിളി സംബന്ധിച്ച തെളിവെടുപ്പിന്റെ ഭാഗമായി സുനിയെ കോയമ്പത്തൂരിലേയ്ക്ക് കൊണ്ടുപോകണമെന്നായിരുന്നു പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേരളത്തിന് പുറത്തൊരിടത്തും പ്രതിയെ കൊണ്ടുപോയില്ല. അതിനാല്‍ ജയിലിലെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ആളൂര്‍ കോടതിയില്‍ വാദിച്ചു.

അതിനിടെ, സുനിലിനെ മനഃശാസ്ത്രജ്ഞന്റെ സഹായത്തോടെയുള്ള ശാസ്ത്രീയ ചോദ്യം ചെയ്യലിനായി ഇന്നലെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും മുൻപ് നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ ഗൂഢാലോചനയെക്കുറിച്ചുളള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. നേരത്തേ ജയിലിൽ ചോദ്യം ചെയ്തപ്പോൾ നടൻ ദിലീപിനെതിരെ സുനി മൊഴി നൽകി. പക്ഷേ കസ്റ്റഡി ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങളൊന്നും വ്യക്തമായി പറഞ്ഞില്ല. ഈ സാഹചര്യത്തിലാണു ശാസ്ത്രീയമായ ചോദ്യം ചെയ്യലിനു പൊലീസ് ശ്രമിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ