തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ പിടികൂടാൻ കഴിഞ്ഞത് ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം നഗരത്തിൽതന്നെ കഴിഞ്ഞ ഏതാനും ദിവസമായി പ്രതി ഉണ്ടായിരുന്നു. എന്നിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തത് കേരള പൊലീസിനു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
കോടതിയിൽ കയറി പ്രതിയെ പിടിക്കേണ്ടി വന്നത് കേരള പൊലീസിന് അഭിമാനിക്കാൻ കഴിയുന്ന കാര്യമല്ല. കേരള പൊലീസിന്റെ കുറ്റാന്വേഷണത്തിലുണ്ടായ ഏറ്റവും വലിയ പിഴവാണ് ഇന്നത്തെ സംഭവം. പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് പ്രതികൾ കോടതിയിലെത്തിയത്. ഇതു പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ള ഗുരുതര വീഴ്ചയാണ്. പ്രമുഖ നടിക്കു നേരിടേണ്ട വന്ന അവസ്ഥ ഇനി കേരളത്തിൽ മറ്റൊരു സ്ത്രീയ്ക്കും ഉണ്ടാകാൻ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.
എറണാകുളം എ.സി.ജെ.എം കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് പൾസർ സുനിയെയും കൂട്ടാളിയായ വിജീഷിനെയും പൊലീസ് പിടികൂടിയത്. മജിസ്ട്രേറ്റിന്റെ ചേംബറിനുള്ളിൽനിന്നുമാണ് ഇരുവരെയും ബലമായി പൊലീസ് പിടിച്ചുകൊണ്ടുപോയത്. അതിനുശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ഇരുവരെയും ആലുവയിലെ പൊലീസ് ക്ലബിലെത്തിക്കുകയും ചെയ്തു.
കോടതി മുറിയ്ക്കകത്തു കയറി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത് ചട്ടവിരുദ്ധമെന്നാണ് അഭിഭാഷകർ പറയുന്നത്. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും നീക്കമുണ്ട്.