പുല്‍പ്പള്ളി: പ്രദേശവാസികളുടെ പ്രിയപ്പെട്ടവനായ മണിയന്‍ എന്ന കാട്ടാന ചെരിഞ്ഞു. കുറിച്യാട് റേഞ്ചിലെ ചെതലയം പുല്ലുമല വനമേഖലയില്‍ വച്ച് മറ്റ് കാട്ടാനകളുമായുള്ള ഏറ്റുമുട്ടലിലാണ് മണിയന്‍ ചെരിഞ്ഞത്.

ആന ചെരിഞ്ഞത് അറിഞ്ഞതിനെ തുടര്‍ന്ന് നിരവധി പേരാണ് കാണാനായി എത്തുന്നത്. ആനയുടെ ജഡം കണ്ടെത്തിയ സ്ഥലത്ത് ആനകള്‍ തമ്മില്‍ വലിയ ഏറ്റുമുട്ടലുണ്ടായതിന്റെ ലക്ഷണമുണ്ട്. ഇന്നലെ അര്‍ധ രാത്രിയോടെയായിരുന്നു സംഭവം. പ്രദേശവാസികള്‍ ആനകളുടെ ഏറ്റുമുട്ടലിന്റെ ശബ്ദം കേട്ടതായി പറഞ്ഞുവെന്ന് ഡിഎഫ്ഒ ആസിഫ് പറഞ്ഞു.

നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത ആനയായിരുന്നു മണിയനെന്നും ഡിഎഫ്ഒ പറഞ്ഞു. ആനയുടെ മസ്തിഷ്കത്തിലും വയറിലും മാരകമായ പരുക്കുകളേറ്റിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതം മേധാവി പി.കെ.ആസിഫ്, കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രതീശന്‍, ബത്തേരി അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യ രാഘവന്‍, ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ സ്വീകരിച്ചു.

Read More: ഒഴിഞ്ഞു കിടന്ന തൊഴുത്ത് താവളമാക്കി കാട്ടാന

കാട്ടില്‍ നിന്നും നാട്ടിലെത്തിയ ആന പിന്നീട് ജനങ്ങളുമായി അടുക്കുകയായിരുന്നു. ആളുകളെ ഉപദ്രവിക്കുന്ന ശീലമില്ലാതിരുന്നതിനാല്‍ മണിയന്റെ അടുത്തേക്ക് ചെല്ലുന്നതിനോ പഴം, പനം പട്ട തുടങ്ങിയവ നല്‍കുന്നതിനും ജനങ്ങള്‍ക്ക് പേടിയുണ്ടായിരുന്നില്ല.

പുല്‍പ്പള്ളി ഇരുളം ഭാഗത്തായിരുന്നു മണിയന്‍ ആദ്യം ഇറങ്ങിയത് എന്നാല്‍ പിന്നീട് കുറിച്യാട് റേഞ്ചിലെ കൂടല്ലൂരിലേക്ക് കേന്ദ്രം മാറി. ഇതിനിടെ ആനയുടെ കൊമ്പ് ക്രമാതീതമായി വളര്‍ന്നതോടെ സ്വാഭാവിക ഭക്ഷണ ശേഖരണത്തില്‍ തടസം അനുഭവിച്ചിരുന്നു. ഇതേതുടര്‍ന്ന് ആനയുടെ കൊമ്പിന്റെ അഗ്രം മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.