തൃശൂർ: ഓണാഘോഷങ്ങൾക്ക് കലാശക്കൊട്ടായി തൃശൂരിൽ പുലിക്കളി.ആറ് സംഘങ്ങളായാണ് പുലികളിറങ്ങിയത്. പെണ്‍പുലികളും സംഘത്തിലുണ്ട്. ഇന്ന് പുലർച്ചെ തന്നെ പുലികൾ ദേഹത്ത് ചായം പൂശാനായി ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ദേഹത്ത് ചായം പൂശാനാണ് അധികം സമയം വേണ്ടത്. ഇന്ന് ഉച്ച കഴിഞ്ഞ് നാലോടെ തൃശൂർ സ്വരാജ് റൗണ്ടിലേക്ക് പുലിക്കളി സംഘങ്ങൾ പ്രവേശിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പുലികൾ താളം ചവിട്ടിയത്.

ഉച്ച മുതല്‍ തന്നെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചിരുന്നു. വാഹനങ്ങള്‍ സ്വരാജ് റൗണ്ടിലേക്ക് കയറുന്നതിന് തടസമുണ്ടായിരുന്നു. സ്വരാജ് റൗണ്ടിലാണ് പുലിക്കളി നടക്കുന്നത്. അതിനാല്‍ തന്നെ ഉച്ചമുതല്‍ വാഹനങ്ങള്‍ക്കെല്ലാം നിയന്ത്രണമുണ്ടായിരുന്നു. വലിയ പൊലീസ് സന്നാഹമാണ് നഗരത്തില്‍ നിയന്ത്രണത്തിനായി എത്തിയത്.

ഇത്തവണ ആറ് ടീമുകളാണ് പുലിക്കളിക്കായി കളത്തിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ടീമുകളുടെ എണ്ണം ഏഴായിരുന്നു. നേരത്തെ പത്ത് ടീമുകള്‍ വരെ പുലിക്കളിക്കായി സ്വരാജ് റൗണ്ടിലെത്തിയിരുന്നു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി മൂലം ഓരോ വര്‍ഷം കഴിയും തോറും ടീമുകളുടെ എണ്ണവും കുറഞ്ഞുവരികയാണ്.

ആറ് ടീമുകളിലായി ഏകദേശം 300 പുലികളാണ് നാളെ സ്വരാജ് റൗണ്ട് കീഴടക്കാനെത്തിയത്. നല്ല കുടവയറുള്ള പുലികള്‍ക്ക് ഡിമാന്‍ഡ് കൂടുതലാണ്. കുട്ടി പുലികളും എല്ലാ വര്‍ഷത്തെയും പോലെ സ്വരാജ് റൗണ്ടില്‍ ചുവടുവയ്ക്കുന്നുണ്ട്.

ഏറെ സമയം എടുത്താണ് പുലികളെ ഒരുക്കുക. പുലർച്ചെ തന്നെ ഓരോ സംഘങ്ങളും ഒരുക്കങ്ങള്‍ ആരംഭിച്ചു. ദേഹത്ത് ചായം പൂശുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. അതിന് വലിയ ക്ഷമയും ഏകാഗ്രതയും വേണം. ദേഹത്ത് പൂശാനുള്ള ചായം അമ്മിക്കല്ലിൽ അരച്ചെടുക്കുകയാണ് ചെയ്യുക. കരിമ്പുലികള്‍ക്കും ഏറെ ഡിമാന്‍ഡുണ്ട്.

ഉച്ചയ്ക്ക് രണ്ട് മുതല്‍ തന്നെ തൃശൂര്‍ നഗരത്തിലേക്ക് പുരുഷാരം എത്തി തുടങ്ങി. സ്വരാജ് റൗണ്ടിലായിരിക്കും തിരക്ക് കൂടുതല്‍. നഗരത്തിലെ വിവിധ കെട്ടിടങ്ങളിലെല്ലാം മണിക്കൂറുകള്‍ക്ക് മുന്‍പ് ജനങ്ങള്‍ കയറിയിരുന്നു.

കഴിഞ്ഞ വർഷം പ്രളയം മൂലം പുലിക്കളി നടത്തിയില്ല. കഴിഞ്ഞ വർഷം ലഭിച്ച പണമെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുകയായിരുന്നു. ആചാരം എന്ന നിലയിൽ മാത്രമാണ് കഴിഞ്ഞ വർഷം പുലിക്കളി നടത്തിയത്. പുലിക്കളിക്കൊപ്പം നിശ്ചല ദൃശ്യങ്ങളും കാഴ്ച്ചക്കാരെ രസിപ്പിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.