എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. പ്രതീഷ് ചാക്കോ നാളെ രാവിലെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം ഹൈക്കോടതി ഉത്തരവിട്ടു. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതീഷ് ചാക്കോക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

നടിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം മെമ്മറി കാര്‍ഡ് അഡ്വ. പ്രതീഷ് ചാക്കോയ്ക്ക് കൈമൈറിയെന്നാണ് പ്രതി സുനില്‍കുമാര്‍ നേരത്തെ അന്വേഷണ ഉദ്ദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇയാളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. ഇയാളുടെ അറസ്റ്റ് തടയാനാവില്ലെന്ന് നേരത്തെ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിന് ശേഷം ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഇന്ന് ഹൈക്കോടതി പരിഗണിച്ചത്.

പ്രതീഷ് ചാക്കോയ്ക്ക് ലഭിച്ച ദൃശ്യങ്ങൾ അടങ്ങിയ ഫോണ്‍ ഇയാൾ ദിലീപിന് നൽകിയെന്നും പിന്നീട് ദിലീപ് ഇത് സുഹൃത്ത് വഴി വിദേശത്തേയ്ക്ക് കടത്തിയെന്നും പോലീസിന് വിവരം ലഭിച്ചുവെന്നാണ് കരുതുന്നത്. ദിലീപ് അറസ്റ്റിലായതോടെ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു പോലീസ് നീക്കം. ഇതിനിടെയാണ് അഭിഭാഷകൻ കോടതിയെ സമീപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ