മാഹി: കേരളത്തില്‍ നിന്നും മദ്യം വാങ്ങുന്നതിനായി ജനമെത്തുന്നത് ഒഴിവാക്കാന്‍ മാഹിയില്‍ മദ്യത്തിന്റെ വില വർധിപ്പിക്കുന്നു. അടുത്ത മൂന്ന് മാസത്തേക്കാണ് വില വർധിപ്പിക്കുന്നത്. കോവിഡ്-19 വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ് തീരുമാനം.
മദ്യത്തിന് കേരളത്തേക്കാള്‍ വില കുറവായതിനാലാണ് ആളുകള്‍ മാഹിയെ ആശ്രയിക്കുന്നത്. എന്നാല്‍ കോവിഡ്-19 ലോക്ക്ഡൗണ്‍ മൂലം മദ്യവില്പന ശാലകള്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് തുറക്കുമ്പോള്‍ മാത്രമേ കേന്ദ്രഭരണ പ്രദേശമായ മാഹിയിലും തുറക്കുകയുള്ളൂവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്യത്തിന് കേരളത്തിലുള്ള വില ഈടാക്കാനാണ് പുതുച്ചേരി സര്‍ക്കാരിന്റെ തീരുമാനം.
Read Also: ബെവ് ക്യു വൈകുന്നതിന് കാരണം ഗൂഗിള്‍ അല്ല
ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത മദ്യത്തിന് മാഹിയില്‍ നികുതി കുറവായതിനാലാണ് അവിടെ വില കുറഞ്ഞിരുന്നത്. കഴിഞ്ഞയാഴ്ച കേരളത്തില്‍ മദ്യത്തിന്റെ നികുതി കുത്തനെ വർധിപ്പിച്ചിരുന്നു. അതേസമയം, കേരളത്തില്‍ മദ്യ വില്പനയ്ക്ക് ഓണ്‍ലൈന്‍ ടോക്കണ്‍ ഏര്‍പ്പെടുത്തുന്ന ബെവ് ക്യു മൊബൈല്‍ ആപ്പ് എന്ന് അവതരിപ്പിക്കുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.