തിരുവനന്തപുരം: വാളയാര്‍ കേസില്‍ അന്വേഷണ സംഘത്തിനാണു വീഴ്ച സംഭവിച്ചതെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലത ജയരാജ്. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാവുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലായിരുന്നെന്ന് ലത ജയരാജ് പറഞ്ഞു. പുനരന്വേഷണം എങ്ങനെ സാധ്യമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. സാക്ഷിമൊഴി രേഖപ്പെടുത്തിയില്ലെന്ന് പറയുന്നവരൊന്നും യഥാര്‍ഥ സാക്ഷികളല്ലെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നു.
ആക്ഷേപം ഉന്നയിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ വിനോദ് കൈനാട്ടിന് തന്നോട്ട് വിരോധമുണ്ട്. കൂടുതല്‍ തെളിവുകളും സാക്ഷികളും ഇല്ലെങ്കില്‍ പുനരന്വേഷണം കൊണ്ടും കാര്യമില്ലെന്നും ലത ജയരാജ് പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു ലത ജയരാജിന്റെ പ്രതികരണം. ലതയ്ക്കെതിരെ നേരത്തെ നിരവധി വിമർശനമുയർന്നിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർക്കാണ് വീഴ്ച സംഭവിച്ചതെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചിരുന്നു.
Read Also: മഴ കനക്കുന്നു; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, സ്കൂളുകള്‍ക്ക് അവധി
വാളയാർ കേസിൽ സർക്കാർ അപ്പീലിനു പോകുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെടും. കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. കേസില്‍ പുനര്‍വിചാരണയ്ക്കുള്ള എല്ലാ സാധ്യതകളും സര്‍ക്കാര്‍ ആരായും. നിലവിലെ പ്രോസിക്യൂട്ടറെ മാറ്റുമെന്ന് ഡിജിപി തന്നെയാണ് അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം.
അതേസമയം, വാളയാര്‍ കേസ് തോല്ക്കാന് കാരണം പ്രോസിക്യൂഷന് സംഭവിച്ച വീഴ്ചയാണെന്ന് മൂന്നാം പ്രതിക്ക് വേണ്ടി നേരത്തെ കോടതിയില്‍ ഹാജരായ അഭിഭാഷകന് എന്‍.രാജേഷ് പറഞ്ഞു. ഇപ്പോഴത്തെ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ കൂടിയാണ് രാജേഷ്. രാജേഷിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തെന്ന് ശിശുക്ഷേമ മന്ത്രി കെ.കെ.ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, സസ്പെന്‍ഷനുമായി ബന്ധപ്പെട്ട് തനിക്കു ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് രാജേഷ് പറയുന്നു.
2019 മാര്‍ച്ച് എട്ടിനാണ് താന്‍ ശിശുക്ഷേമ സമിതി അധ്യക്ഷനാകുന്നത്. അതിനുശേഷം വാളയാര്‍ കേസിലോ പോക്സോ കോടതിയിലോ ഹാജരായിട്ടില്ല. വാളയാര്‍ കേസില്‍ മൂന്നാം പ്രതിക്കു വേണ്ടിയാണ് നേരത്തെ ഹാജരായിട്ടുള്ളത്. വിചാരണസമയത്താണ് മൂന്നാം പ്രതിയുടെ കേസ് ഏറ്റെടുത്തതെന്നും ശിശുക്ഷേമ സമിതി അധ്യക്ഷനായ ശേഷം കേസില്‍ ഹാജരായിട്ടില്ലെന്നും രാജേഷ് പറയുന്നു.
Read Also: അറബിക്കടലില്‍ ‘മഹാ’ ചുഴലിക്കാറ്റ്; കേരള തീരത്ത് കനത്ത ജാഗ്രത
കേസ് പരാജയപ്പെടാന്‍ പ്രധാന കാരണം പ്രോസിക്യൂഷന്റെ ഭാഗത്തുവന്ന വീഴ്ചയാണ്. കൃത്യമായി തെളിവുകള്‍ നിരത്താന്‍ സാധിച്ചില്ല. ഒരു സാക്ഷിയും മൂന്നാം പ്രതിക്കെതിരെ മൊഴി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ കേസ് ദുര്‍ബലമായി. കുട്ടികളുടെ അച്ഛനും അമ്മയും പോലും പ്രതിക്കെതിരെ മൊഴി നല്‍കിയിട്ടില്ല. പ്രതിക്കെതിരെ ശക്തമായ തെളിവില്ലാത്തതാണ് കേസില്‍ തിരിച്ചടിയായതെന്നും അഭിഭാഷകന് കൂടിയായ രാജേഷ് പറയുന്നു.
മൂന്നാം പ്രതിക്കു വേണ്ടി മാത്രമാണ് കേസിൽ ഹാജരായത്. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും വേണ്ടി ഹാജരായതു മറ്റ് അഭിഭാഷകരാണെന്നും രാജേഷ് പറഞ്ഞു. മറ്റ് പ്രതികളുടെ കാര്യം എനിക്കറിയില്ല. അവർക്കെതിരെ സാക്ഷിമൊഴികളുണ്ടോയെന്ന് അറിയില്ല. മൂന്നാം പ്രതിയുടെ കാര്യം മാത്രമാണ് താൻ പറഞ്ഞതെന്നും രാജേഷ് പറഞ്ഞു.