scorecardresearch
Latest News

റോഡിലെ മത്സരയോട്ടം കണ്ടുമടുത്തോ? ഫൊട്ടോയോ വീഡിയോയോ എടുക്കൂ; നടപടി ഉറപ്പ്

നിയമലംഘനങ്ങളുടെ ഫൊട്ടോകളും ചെറിയ വീഡിയോകളും അതതു ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ മാരെയാണ് അറിയിക്കേണ്ടത്

Accident,

തിരുവനന്തപുരം: റോഡിലെ അഭ്യാസപ്രകടനങ്ങളും മത്സരയോട്ടവും കണ്ടുമടുത്തോ? പരിഹാരം കാണാന്‍ വഴിയുണ്ട്. നിയമലംഘനങ്ങള്‍ തെളിവുസഹിതം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചാല്‍ പഴയതു പോലെയാവില്ല കളി.

റോഡിലെ അഭ്യാസ പ്രകടനങ്ങളും മത്സരയോട്ടം മൂലമുള്ള അപകടങ്ങളും മരണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഒരു ചെറിയ വിഭാഗം ആളുകള്‍ റോഡില്‍ നടത്തുന്ന ഇത്തരം അഭ്യാസപ്രകടനങ്ങള്‍ സാധാരണക്കാരായ യാത്രക്കാരെയും ബാധിക്കുന്ന സാഹചര്യത്തിലാണു കര്‍ശന നടപടിക്കായി മോട്ടോര്‍ വാഹന വകുപ്പ് പൊതുജനങ്ങളുടെ സഹായം തേടുന്നത്.

നിയമലംഘനങ്ങളുടെ ഫൊട്ടോകളും ചെറിയ വീഡിയോകളും അതതു ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ മാരെ അറിയിക്കാം. സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിവേണം ഫൊട്ടോകളും വീഡിയോകളും അയയ്‌ക്കേണ്ടത്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായിരിക്കുമെന്നാണു വകുപ്പ് നല്‍കുന്ന ഉറപ്പ്.

റോഡ് സുരക്ഷയ്ക്കു ഭീഷണിയാകുന്ന തരത്തില്‍ വാഹനങ്ങളുടെ രൂപമാറ്റങ്ങള്‍, സൈലന്‍സറുകള്‍ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കൽ, പൊതുനിരത്തുകളിലെ അഭ്യാസ പ്രകടനവും മല്‍സരയോട്ടവും, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കല്‍ തുടങ്ങി പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സ്വൈരജീവിതത്തിനും ഭീഷണിയും തടസവും സൃഷ്ടിക്കുന്ന വാഹനങ്ങളെയും ഡ്രൈവര്‍മാരെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാം.

അറിയിക്കേണ്ട മൊബൈല്‍ നമ്പറുകള്‍:

തിരുവനന്തപുരം – 9188961001

കൊല്ലം – 9188961002

പത്തനംതിട്ട – 9188961003

ആലപ്പുഴ – 9188961004

കോട്ടയം – 9188961005

ഇടുക്കി – 9188961006

എറണാകുളം – 9188961007

തൃശൂര്‍ – 9188961008

പാലക്കാട് – 9188961009

മലപ്പുറം – 9188961010

കോഴിക്കോട് – 9188961011

വയനാട് – 9188961012

കണ്ണൂര്‍ – 9188961013

കാസര്‍ഗോഡ് – 9188961014

ഓപ്പറേഷന്‍ റേസിനു തുടക്കം

ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ ഓപ്പറേഷന്‍ റേസ് എന്ന പേരില്‍ കര്‍ശന പരിശോധന ആരംഭിച്ചിരിക്കുകയാണു വകുപ്പ്. 22 മുതല്‍ ജൂലൈ അഞ്ച് വരെ രണ്ടാഴ്ചത്തേക്കാണു പരിശോധന. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു പരിശോധന നടത്തുന്നത്.

പൊതു റോഡിലെ ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനു നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരിക്കുന്നതു വര്‍ധിച്ച് വരുന്നതിനെത്തുടര്‍ന്നാണു മന്ത്രി നടപടിക്കു നിര്‍ദേശം നല്‍കിയത്.

Also Read: റോഡിലേക്ക് നീളുന്ന ക്യൂ പഴങ്കഥ; ബിവറേജസ് ഔട്ട്ലറ്റുകള്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലേക്ക്

”ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീളുന്ന ‘ഓപ്പറേഷന്‍ റേസ്’ എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും. രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കും,” മന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിഴിഞ്ഞം മുക്കോല ബൈപാസില്‍ കഴിഞ്ഞദിവസം മത്സര ഓട്ടത്തിനിടെ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു മന്ത്രി പരിശോധനയ്ക്കും നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിക്കും നിര്‍ദേശം നല്‍കിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Public can report traffic violations mvd kerala