എറണാകുളം: കൊച്ചിയിൽ ഭൂമി കച്ചവടത്തിന്റെ ഭാഗമായി കൈമാറാൻ ശ്രമിച്ച 50 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടികൂടിയതുമായി ബന്ധപ്പെട്ട് തനിക്കെതിരായി ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് പി.ടി തോമസ് എംഎൽഎ. വസ്തു സംബന്ധമായ തർക്കം തീർക്കാനാണ് പണം പിടിച്ചെടുത്ത സ്ഥലത്ത് എത്തിയതെന്ന് പി. ടി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
“കുടുംബത്തിന്റെ മൂന്ന് സെന്റ് സ്ഥലം കുടികിടപ്പ് അവകാശമായി കിട്ടിയതാണ്. കമ്മ്യൂണിസ്റ്റുകാരന്റേതാണ് കുടുംബം. പലവാതിൽ മുട്ടിയിട്ടും ഇവർക്ക് നീതി ലഭിച്ചില്ല,” വാർഡ് കൗൺസിലറുടെ ശുപാർശയിലാണ് കുടുംബം തന്നെ സമീപിച്ചതെന്നും വസ്തു തർക്കം പരിഹരിക്കാൻ വിഷയത്തിൽ ഇടപെടുകയായിരുന്നു താനെന്നും പറഞ്ഞ പി.ടി തോമസ്, അപകീർത്തീപരമായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിശദീകരിച്ചു.
ഒക്ടോബർ രണ്ടിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും, വാർഡ് കൗൺസിലറും ഉൾപ്പടെയുള്ളവർ ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. ഇത് പ്രകാരമാണ് കരാർ എഴുതാൻ തീരുമാനിച്ചത്. രാമകൃഷ്ണനും,രാജീവനും തമ്മിൽ വർഷങ്ങളായുള്ള ഭൂമിതർക്കമാണ് അത്.
വീട് വാങ്ങിയ രാമകൃഷ്ണൻ പല തവണ വീട് തകർക്കാൻ ശ്രമിച്ചെന്ന് രാജീവന്റെ കുടുംബം പരാതി പറഞ്ഞു. 50 ലക്ഷം രൂപയാണ് രാമകൃഷ്ണൻ കൈമാറാനായി കൊണ്ടുവന്നത്. ഇത് കള്ളപ്പണമെങ്കിൽ രാമകൃഷ്ണനെതിരെ നടപടിയെടുക്കണം. താനും വാർഡ് കൗൺസിലറും വിഷയത്തിൽ ഇടപെട്ടത് രാജീവന്റെ കുടുംബത്തെ സഹായിക്കാനാണെന്നും പി ടി തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇടപ്പളളി അഞ്ചുമന ക്ഷേത്രത്തിനടുത്തുളള രാജീവൻ എന്നയാളുടെ വീട്ടിൽ നിന്ന് ആദായ നികുതി വകുപ്പ് പണം 50 ലക്ഷം രൂപ കണ്ടെടുത്തത്. റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ കൈയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഈ സമയത്ത് പി.ടി തോമസ് എംഎൽഎയും സ്ഥലത്തുണ്ടായിരുന്നു എന്ന് ആക്ഷേപം ഉയർന്നിരുന്നു. ഉദ്യോഗസ്ഥരെത്തിയതിന് മുൻപേ എംഎൽഎ ഇവിടെ നിന്ന് പോവുകയും ചെയ്തു. ഭൂമിതർക്കം പരിഹരിക്കാൻ എംഎൽഎ എത്തിയെന്നാണ് സ്ഥലം ഉടമയുടെ വിശദീകരണം.