തൃശൂര്‍: സിപിഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ്.രാജേന്ദ്രനെയും ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ജയിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവായ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിനെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പി.ടി.തോമസ് എംഎല്‍എ ആരോപിച്ചു. മൂന്നാറിൽ ഇരുവരും ഭൂമി കൈയ്യേറ്റം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആത്മാര്‍ത്ഥയുണ്ടെങ്കില്‍ എംപിയുടെയും എംഎല്‍എയുടേയും കൈയ്യേറ്റം ഒഴിപ്പിക്കാനാണ് മുഖ്യമന്ത്രി മുന്‍കൈ എടുക്കേണ്ടത്.

ഇവരുടെ കൈയ്യേറ്റം തെളിയിക്കാനാവശ്യമായ രേഖകളുണ്ട്. എംപിക്കെതിരെ 2015ല്‍ ദേവികുളം പൊലീസ് സ്റ്റേഷനിൽ എട്ട് എഫ്ഐആര്‍ ഉണ്ട്. ഹൈക്കോടതിയുടെ സിംഗിള്‍, ഡിവിഷൻ ബഞ്ചുകളിൽ കേസുമുണ്ട്. എംഎല്‍എ നഗന്മായ കൈയ്യേറ്റമാണ് നടത്തിയതെന്ന് നിവേദിത പി.ഹരന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനപ്രതിനിധികള്‍ കൈയ്യേറ്റം നടത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മധേക്കര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരെ ഒഴിവാക്കിയതിനെ സംബന്ധിച്ച് മന്ത്രി എ.കെ.ബാലന്‍ മറുപടി പറയണം.

മന്ത്രി എം.എം.മണി കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. വലിയൊരു ഭൂമാഫിയയാണ് കൈയ്യേറ്റത്തിനു പിന്നിലുളളത്. തൊഴിലാളികല്ല, തൊഴിലാളികളൊന്നും ഭൂമി കൈയേറിയിട്ടില്ല. പക്ഷേ, തൊഴിലാളികളെ മറയാക്കിയാണ് ഇവരുടെ സമരങ്ങള്‍. ഭൂമി കൈയ്യേറ്റത്തിനെതിരെ സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന്‍ സ്വീകരിച്ചിട്ടുള്ള നിലപാടിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ എംപിയുടെയും എംഎല്‍എയുടെയും സ്ഥലം സന്ദര്‍ശിക്കാത്തത് അദ്ദേഹത്തിന്റെ ആത്മാര്‍ഥതയില്‍ സംശയം ജനിപ്പിക്കുന്നു.

ഏതു മണികെട്ടിയവന്‍ പറഞ്ഞാലും വേണ്ടില്ല മൂന്നാറില്‍ നഗ്‌നമായ കൈയ്യേറ്റം നടന്നിട്ടുണ്ട്. മൂന്നാറില്‍ കൈയ്യേറ്റമില്ലെന്നു കോണ്‍ഗ്രസ് നേതാവ് എ.കെ.മണി പറഞ്ഞിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ആളുകള്‍ കൈയ്യേറ്റം നടത്തിയിട്ടുണ്ടെങ്കിലും നടപടി വേണം. തന്റെ അറിവില്‍ കോണ്‍ഗ്രസിന്റെ എംപിയോ എംഎല്‍എയോ കൈയ്യേറ്റം നടത്തിയിട്ടില്ല.

കൊട്ടകാമ്പൂര്‍ വില്ലേജില്‍ പട്ടികജാതിക്കാരുടെ 32 ഏക്കര്‍ തട്ടിയെടുത്തെന്നാണ് എംപിക്കെതിരെയുള്ള പരാതി. എന്നാല്‍ ഹൈക്കോടതിയിലെ കേസില്‍ എംപിക്ക് അനുകൂലമായ നിലപാടാണ് എ.ജിയെടുത്തത്. എംപിക്ക് പട്ടയം കിട്ടിയെതെന്നു പറയുന്ന സ്ഥലം പതിച്ചുകൊടുക്കാവുന്നതല്ല. അങ്ങനെ നിര്‍ണയിച്ചിട്ടുമില്ല. ഇത് കുറിഞ്ഞി സംരക്ഷിതപ്രദേശവുമാണ്. ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി കൂടിയിട്ടില്ല. പിന്നെ എങ്ങനെയാണ് രാജേന്ദ്രന് സ്ഥലം ലഭിക്കുകയെന്ന് പി.ടി. തോമസ് ചോദിച്ചു. അങ്ങനെയാണെങ്കില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി കൂടാതെ ഭൂമിയ നല്‍കിയത് അന്വേഷിക്കണം. 1974 മുതല്‍ തുടങ്ങി 1989ല്‍ അവസാനിച്ച റീ സര്‍വേയില്‍ കൊട്ടകാമ്പൂര്‍ വില്ലേജില്‍ ആരുടെ പേരിലും ഭൂമിയില്ല. അവിടം തരിശുഭൂമിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പിന്നെ എങ്ങനെ ഭൂമി പതിച്ചുനല്‍കി. കോടിക്കണക്കിനു രൂപയുടെ തടിയും നഷ്ടമായി. കൈയ്യേറ്റം നടത്തിയവര്‍ക്കെതിരേ മുഖ്യമന്ത്രി ശക്തമായ നടപടിയെടുക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.