കൊച്ചി: തൃക്കാക്കര എംഎൽഎ യും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ടി.തോമസിന്റെ കാറിന്റെ നട്ട് യന്ത്രത്തകരാർ മൂലം ഇളകിപ്പോയതാകാമെന്ന് പൊലീസിന്റെ വിശദീകരണം. സംഭവത്തിന് അസ്വാഭാവികതയുണ്ടെന്ന് തോന്നുന്നില്ലെന്നും പൊലീസ് പറഞ്ഞു.

മോട്ടോർ വാഹന വിദഗദ്ധരും സാങ്കേതിക പരിശോധന സംഘവും കാർ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. ആരെങ്കിലും മനപ്പൂർവ്വം നട്ട് ഇളക്കിയാതാണെന്ന് സംശയിക്കാനുള്ള തെളിവുകളൊന്നും പൊലീസിന് പരിശോധനയിൽ ലഭിച്ചിട്ടില്ല.

മൂന്ന് ദിവസം മുൻപാണ് എംഎൽഎ യുടെ ഔദ്യോഗിക വാഹനത്തിന്റെ മൂന്ന് ടയറുകളുടെയും നട്ടുകൾ ഇളകിയ നിലയിൽ കണ്ടെത്തിയത്. നാലാമത്തെ ടയറിന്റെ നട്ട് കാണാനില്ലായിരുന്നു. വാഹനം ഓടിക്കൊണ്ടിരിക്കെ ടയർ പാളുന്നത് കണ്ട് നാട്ടുകാരാണ് എംഎൽഎ യെ വിവരമറിയിച്ചത്. ഈ സമയത്ത് പുല്ലേപ്പടി-തമ്മനം റോഡിൽ പാലത്തിന് സമീപത്തായിരുന്നു എംഎൽഎ.

ഈ സംഭവത്തിന് മൂന്ന് ദിവസം മുൻപ് കാർ സർവ്വീസ് നടത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം മുന്നോട്ട് പോകുന്നത്. സംഭവം നടക്കുന്നതിന്റെ തലേന്ന് രാത്രി എംഎൽഎയുടെ വീടിന്റെ പോർച്ചിലാണ് കാർ നിർത്തിയിട്ടിരുന്നത്.

വീട്ടിലേക്ക് ആരും അതിക്രമിച്ച് കടന്ന് കാറിൽ തകരാർ വരുത്താൻ ശ്രമിച്ചതായി കണ്ടെത്തിയിട്ടില്ല. വൈറ്റിലയിൽ പൊതുപരിപാടി സ്ഥലത്ത് വച്ച് നട്ടുകൾ അയക്കാനുള്ള ശ്രമവും പൊലീസ് തള്ളി. ജനങ്ങൾ തടിച്ചുകൂടിയ സ്ഥലത്ത് വച്ച് നട്ടുകൾ ഇളക്കാൻ സാധിക്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന് എത്ര വലിയ വിദഗ്ദ്ധനായാലും ഏറെ സമയം വേണ്ടിവരുമെന്നും പൊലീസ് വിശദീകരിച്ചു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ