scorecardresearch
Latest News

ആനയും അരുൺ സഖറിയയും

ആക്രമണ മനോഭാവവുമായി മുന്നിൽ നിൽക്കുന്ന വന്യമൃഗത്തെ മെരുക്കി കൂട്ടിലാക്കുക എന്നത് എളുപ്പമല്ല. ദൗത്യങ്ങളിലെ വെല്ലുവിളികളെക്കുറിച്ചും അപകടത്തെക്കുറിച്ചും ഡോ. അരുൺ സക്കറിയ പറയുന്നു

pt-7 tusker, dr arun zacheria,forest, dhoni tusker,mission pt-7,forest mission

കഴിഞ്ഞ കുറച്ചുകാലമായി കേരളത്തെ, പ്രത്യേകിച്ച് ഇടുക്കി ജില്ലയെ ഭയത്തിന്റെ മുനക്കൊമ്പിൽ നിർത്തിയതൊരു കാട്ടാനയായിരുന്നു അരിക്കൊമ്പൻ എന്ന് ആരോ വിളിപ്പേരിട്ട കാട്ടാനയെ കുറിച്ചുള്ള പരാതികൾ വ്യാപകമായത് അടുത്തിടെയാണ്. നേരത്തെയും “അരിക്കൊമ്പ”നും “പടയപ്പ”യുമൊക്കെയായി കാട്ടാനാകൾ നാട്ടുകാരുടെ തോഴരായി കഴിയുന്നവയായിരുന്നു ഇടുക്കിയിലെ പല പ്രദേശങ്ങളും. എന്നാൽ, അടുത്തിടെ ഉണ്ടായ വിവാദങ്ങളെ തുടർന്ന് “അരിക്കൊമ്പൻ” കോടതി കയറി. ആനയുടെ കോടതി കയറ്റവും സമരവും ഹർത്താലും പ്രതിഷേധവുമൊക്കെയായി വാർത്തകളിൽ നിറഞ്ഞു നിന്ന അരിക്കൊമ്പൻ എന്ന വിളിപ്പേരുള്ള ആനയെ പിടികൂടി ആ പ്രദേശത്ത് നിന്ന് മാറ്റാൻ അവസാനം ഔദ്യോഗിക തലത്തിൽ തീരുമാനമായി. ആനയെ പിടിക്കാൻ ആര് വരും എന്ന് ചോദ്യത്തിന് മറ്റൊരു ഉത്തരം വനംവകുപ്പിന് തേടേണ്ടി വന്നില്ല. അരുൺ സഖറിയ തന്നെയായിരുന്നു ഈ ദൗത്യത്തിന് മുന്നിലും. ഏതാനും മാസം മുമ്പ് പി റ്റി സെവൻ എന്ന ആനയെ പിടികൂടിയ ദൗത്യത്തിന് ശേഷം അരുൺ സഖറിയയുമായി നടത്തിയ സംഭാഷണം.

വീട്ടിൽ വളർത്തുന്ന പ്രിയപ്പെട്ട പൂച്ചയ്ക്കും പട്ടിയ്ക്കുമൊക്കെ എന്തെങ്കിലും രോഗം വന്നാൽ മൃഗാശുപത്രിയിൽ കൊണ്ടുപോയി കാണിക്കാറുണ്ട്. മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്നതിനാൽ അവയെ ചികിത്സിക്കുന്നത് ഡോക്ടർമാർക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമാകില്ല. അപ്പോൾ കാട്ടിലെ മൃഗങ്ങൾക്ക് അസുഖം വന്നാൽ, കിടപ്പിലായാൽ ആരാണ് ചികിത്സ നൽകുക? കാടിനുള്ളിൽ അവരെ തേടിപിടിച്ച് ചികിത്സിക്കുക എന്നത് വളരെ അപകടം പിടിച്ച ഒന്നാണ്. ഇനി ചികിത്സിക്കാൻ ഡോക്ടറിനെ കിട്ടിയാൽ തന്നെ എപ്പോൾ വേണമെങ്കിലും ആക്രമിക്കാൻ തയാറായിരിക്കുന്ന അവയുടെ മുന്നിലേക്ക് പോകാൻ ആർക്കാണ് ധൈര്യം. ഇവർ ഏത് നിമിഷം എങ്ങനെ പ്രതികരിക്കുമെന്ന് ആർക്കും പറയാനാകില്ല. കാട്ടുകൊമ്പനെയും കടിച്ചുകീറാൻ നിൽക്കുന്ന കടുവയെയുമൊക്കെ മയക്കുവെടി വച്ച് മയക്കാനും ചികിത്സിച്ചു ഭേദമാക്കാനും കഴിയുന്ന ഡോക്ടർമാരിൽ പ്രധാനിയാണ് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ.

ചീറിപ്പാഞ്ഞു വരുന്ന കടുവയുടെ മുന്നില്‍ അകപ്പെടുമ്പോള്‍ സ്വന്തം ജീവനൊപ്പം അതിനെ കൂടി രക്ഷിക്കാനുള്ള മനസാന്നിധ്യം, കൊല വിളി നടത്തുന്ന കാട്ടുകൊമ്പനെ പൂട്ടാനുള്ള ധൈര്യം, കാടിനോടും കാട്ടു മൃഗങ്ങളോടുമുള്ള അടങ്ങാത്ത സ്നേഹം, ഇതെല്ലാമാണ് ഡോ. അരുണ്‍ സക്കറിയയെ വന്യമൃഗങ്ങളുടെ സ്വന്തം ഡോക്ടറാക്കുന്നത്. ഒരുപക്ഷേ, കേരളത്തിൽ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളെ ചികിത്സിച്ച ഡോക്ടറാണ് ഡോ.അരുൺ.

ഈ മാസം തന്നെ വയനാടിലും പാലക്കാട് ധോണിയിലും കാട്ടാനകളുടെ ഉപദ്രവം രൂക്ഷമാക്കുകയും ആക്രമകാരികളായി നടന്ന പിഎം-2, ധോണി (പിടി-7) എന്നീ ആനകളെ മയക്കുവെടി വച്ച് കൂട്ടിലാക്കിയത് ഡോ. അരുൺ സക്കറിയയുടെ സംഘമാണ്. അത്യന്തം അപകടം നിറഞ്ഞ ഈ ദൗത്യങ്ങൾ മുന്നിൽനിന്നു നയിച്ചതും ഡോ. അരുൺ തന്നെ. ആക്രമകാരികളായ മൃഗങ്ങളെ മയക്കുവെടിവയ്ക്കുന്നത്, അവരുടെ പിന്നീടുള്ള പരിചരണം, കാട്ടാനകളുടെ പരിശീലനം എന്നിവയെ കുറിച്ച് ഡോ.അരുൺ സംസാരിക്കുന്നു.

വളരെ അപകടം നിറഞ്ഞ ജോലിയാണ്. എങ്ങനെയാണ് ഈ വെല്ലുവിളികളെ നേരിടുന്നത്?

വെല്ലുവിളികൾ ഒരുപാടാണ്. അതിനെ മറിക്കടക്കാൻ ഏറ്റവും പ്രധാനമായി ഉണ്ടാവേണ്ടത് ടീം വർക്കാണ്. ഏത് ദൗത്യവും വിജയകരമാകുന്നത് അതിൽ ഉൾപ്പെടുന്ന എല്ലാവരും ഒരേപോലെ പ്രവർത്തിക്കുമ്പോഴാണ്. അത് തന്നെയാണ് സുരക്ഷയും നൽകുന്നത്. ദൗത്യത്തിനൊപ്പം കൂടെയുള്ള ആർക്കും അപകടം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്. എല്ലാവരും കൂടെയുള്ളവരുടെ സുരക്ഷയ്ക്കും പ്രധാന്യം നൽകുന്നു. 75 പേർ അടങ്ങിയ റാപ്പിഡ് റെസ്പോൺസ് ടീമാണ് (ആ‍ർആർടി) പിടി-7 ദൗത്യത്തിലുണ്ടായിരുന്നത്. ഇതിൽ 26 പേരാണ് മെയിൻ ടീം. ഇവർ എല്ലാ ദൗത്യങ്ങളിലും കൂടെ ഉള്ളവരാണ്. ബാക്കിയുള്ളവർ ദൗത്യത്തിന്റെ മേഖലയിലെ ഫോറസ്റ്റ് ഡിവിഷനിൽനിന്നു എത്തുന്നവരാണ്. അവർക്കാണ് മേഖലയെക്കുറിച്ച് കൂടുതലായി അറിവുള്ളത്.

വയനാട്ടിലിറങ്ങിയ ആന ഭയങ്കര അപകടകാരിയായിരുന്നു അതിനെ കുങ്കിയെ മറയാക്കിയാണ് മയക്കുവെടി വച്ചത്. നമ്മുടെ നേരെ ചിലപ്പോൾ അപകടകരമായ പാഞ്ഞെടുക്കാം. അവർക്ക് കാട്ടിലൂടെയുള്ള സഞ്ചാരം പ്രശ്നമല്ല. പക്ഷേ നമ്മൾക്കു പെട്ടെന്ന് ഓടിമാറാൻ കഴിഞ്ഞെന്നു വരില്ല. സ്മോക്ക് പോലെയുള്ളവ മൃഗങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഉപയോഗിക്കാൻ പറ്റും. പക്ഷേ നമ്മുടെ കാടിന്റെ ഭൂപ്രകൃതി അനുസരിച്ച് പ്രതീക്ഷിക്കുന്ന ഫലം കിട്ടണമെന്നില്ല. അതുകൊണ്ട് അത്തരം ഉപയോഗങ്ങൾ കുറവാണ്. അങ്ങനെയുള്ളപ്പോൾ പലപ്പോഴും കുങ്കിയാനകളെ മറയാക്കി മയക്കുവെടി വയ്ക്കാൻ ശ്രമിക്കും.

 dr arun zacheria,forest, dhoni tusker,mission ,forest mission
ഡോ. അരുൺ സക്കറിയ ദൗത്യത്തിനിടെ ആനയെ പരിചരിക്കുന്നു.

മയക്കുവെടി വച്ചശേഷമുള്ള ചികിത്സ എങ്ങനെയാണ്?

അപകടകരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു മയക്കുവെടിവയ്ക്കൽ. പിടി-7നെ ഓടിച്ചിട്ടല്ല മയക്കുവെടിവച്ചത്. ആന അറിയാതെ അത് ചെയ്യാനുള്ള ശ്രമം വിജയിച്ചു. ആനയുടെ ശ്രദ്ധകിട്ടാത്തവിധം പരമാവധി അടുത്തെത്തിയായിരുന്നു വെടിവച്ചത്. വെടിവച്ചശേഷം ആന മയങ്ങിയാലുടൻ ചികിത്സ തുടങ്ങും. മയക്കം മാറുന്നതിനു മുൻപ് ആനയ്ക്ക് വലിയ മുറിവുകളോ മറ്റോ ഉണ്ടോയെന്നു പരിശോധിക്കും. അപ്പോൾ തന്നെ മരുന്നും നൽകും. കൂട്ടിൽ കയറ്റി കഴിഞ്ഞാൽ ഇതൊന്നും നടക്കില്ല.

വെടിവയ്ക്കുന്നതിലും വെല്ലുവിളി മുറിവോ പരുക്കോ പറ്റിയ മൃഗത്തെ ചികിത്സിക്കുകയെന്നതാണ്. മൃഗശാലയിലെ മൃഗങ്ങളെ ചികിത്സിക്കുന്നതുപോലെയല്ല കാട്ടിലെ മൃഗത്തെ ചികിത്സിക്കുന്നത്. മൃഗശാലയിൽ ആ മൃഗത്തെ അവിടെ കിട്ടിയപ്പോൾ മുതലുള്ള രോഗപരിശോധനാ റിപ്പോർട്ട് അടക്കമുള്ള കേസ് ഹിസ്റ്ററി ലഭ്യമായിരിക്കും. എന്നാൽ കാട്ടിലെ മൃഗത്തെക്കുറിച്ച് ഒന്നും അറിയാതെ പെട്ടെന്ന് ചികിത്സിക്കാൻ തുടങ്ങുകയാണ്. ഈ ചികിത്സയാണ് വിജയിക്കേണ്ടത്.

എകദേശം 55 ആനകളെ ചികിത്സിക്കാൻ കഴിഞ്ഞിട്ടുണ്ട്. മണിയനെന്ന ആനയെ ഏഴു തവണ ചികിത്സിക്കേണ്ടി വന്നിട്ടുണ്ട്. വന്യമൃഗങ്ങളെ ചികിത്സ കഴിഞ്ഞ് കാട്ടിലേക്കു തന്നെ മടക്കി വിടുകയാണു പതിവ്. മൃഗങ്ങളെ അധികം ഓടിക്കാൻ പറ്റില്ല. കാടിന്റെ ഉള്ളിലേക്ക് ഓടി കയറും, പിന്നെ പിടികൂടാൻ വളരെ ബുദ്ധിമുട്ടാണ്. 37 കടുവകൾ, അൻപതോളം പുള്ളിപ്പുലികൾ, കാട്ടുപോത്ത്, മറ്റു മൃഗങ്ങൾ എന്നിവയെ ഇക്കാലത്തിനിടയിൽ ചികിത്സിച്ചിട്ടുണ്ട്.

കൂട്ടിലെത്തിച്ചു കഴിഞ്ഞാൽ ആന വികൃതി കാണിക്കാനും മദപ്പാടിന്റെ ലക്ഷണങ്ങൾ കാണിക്കാനും സാധ്യതയുണ്ട്. മദപ്പാടിന്റെ ലക്ഷണമുള്ളപ്പോൾ ചികിത്സ നടക്കില്ല. കൂടിനു പുറത്തിറക്കാൻ പോലും കഴിയില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ മുറിവുകളുണ്ടെങ്കിൽ അത് ഗുരുതരമാകാനും സാധ്യതയുണ്ട്.

വിദേശരാജ്യങ്ങളിൽ എങ്ങനെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്? അത് കേരളത്തിൽ സാധ്യമാണോ?

മറ്റു രാജ്യങ്ങളിൽനിന്ന് കേരളത്തിലെ ഡാർട്ടിങ് വ്യത്യസ്തമാണ്. അവിടെയൊന്നും കുങ്കിയാനകളെ ഉപയോഗിക്കുന്ന സംവിധാനമില്ല. ഏറ്റവും പ്രധാനം അവിടുത്തെ ഭൂപ്രകൃതിയാണ്. ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളിൽ ഡാർട്ടിങ് നടത്തുന്നത് ചിലപ്പോൾ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാകാം. നമ്മുടെ നാട്ടിൽ അത് സാധ്യമല്ല. ഏരിയൽ ഡാർട്ടിങ് നമ്മുടെ ഭൂപ്രകൃതിയ്ക്ക് യോജിച്ചതല്ല, കാഴ്ച വ്യക്തമാകില്ല. കൈകാര്യം ചെയ്യുന്ന മൃഗങ്ങളുടെ കാര്യത്തിലും ആ വ്യത്യാസം ഉണ്ട്. അവിടെ മൃഗത്തെ വീഴ്ത്തിയാണ് പിടിക്കുന്നത്. അത് തന്നെ അവയ്ക്ക് മുറിവുകൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഇവിടെ അങ്ങനെ അല്ല. മൃഗത്തെ വരുതിയിൽ വരുത്താൻ കുങ്കിയാനകളെ ഉപയോഗിക്കാം. സുരക്ഷാ സംവിധാനങ്ങളുടെ ഉപയോഗം മറ്റു രാജ്യങ്ങളിലേതിനു സമാനമാണ്.

മേഖലയെ മുഴുവൻ വിറപ്പിച്ച കൊമ്പനെയാണ് പിടികൂടിയത്. മിഷൻ പിടി-7 അനുഭവങ്ങൾ?

പിടി-7നെ കീഴടക്കിയത് കഠിനമായ ജോലിയായിരുന്നില്ല. മിഷനിന് വേണ്ടി നന്നായി തയാറെടുത്തിരുന്നു. പിടി-7നെ സംബന്ധിച്ച കൃത്യമായ ഡേറ്റ വനംവകുപ്പ് ഉണ്ടാക്കിയിരുന്നു. അതിന്റെ യാത്ര എങ്ങനെയാണ്? എപ്പോൾ പുറത്തിറങ്ങും സഞ്ചരിക്കാൻ സാധ്യതയുള്ള മേഖല അതിനെക്കുറിച്ചൊക്കെ കൃത്യമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് മിഷനെ സംബന്ധിച്ച് വ്യക്തമായ പദ്ധതികൾ ഉണ്ടായിരുന്നു. അഞ്ച് ടീമുകളായിട്ടാണ് പ്രവ‌ർത്തനം നടത്തിയത്. ഡാർട്ടിങ്, ട്രാക്കിങ്, സപ്പോർട്ടീവ്, കുങ്കി, ട്രാൻസ്പോർട്ട്. ഇവയുടെയൊക്കെ ഒന്നിച്ചുള്ള പ്രവർത്തനം കൊണ്ടാണ് ഇത്തരം ദൗത്യങ്ങൾ പൂർണമാക്കുന്നത്.

ഡാർട്ടിങ് ടീമിൽ മയക്കുവെടി വയ്ക്കുന്ന വിദഗ്ധരാണ് ഉണ്ടാവുക. അവരാണ് ആനയുടെ ഏറ്റവും അടുത്തേക്ക് പോകുന്നത്. എല്ലാവിധ സുരക്ഷാസംവിധാനങ്ങളോടെയാണ് അവർ മുന്നോട്ടു പോകുന്നത്. ട്രാക്കിങ് ടീം ആനയുടെ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കും. ആന കാടിന് അകത്തേക്ക് കയറിപോകുകയാണെങ്കിൽ അത് പെട്ടെന്ന് മറ്റു ടീമുകളെ അറിയിക്കും. സപ്പോർട്ടീവ് ടീം മറ്റു സഹായങ്ങൾ ചെയ്തു കൊടുക്കുന്നു. ആന തിരികെ കാട്ടിൽ ഓടി കയറാതിരിക്കാനും മറ്റു കാട്ടാനങ്ങൾ വന്നാൽ അതിൽനിന്നു രക്ഷിക്കാനുമാണ് കുങ്കി ടീം പ്രവർത്തിക്കുന്നത്. പലപ്പോഴും കുങ്കിയാനകളെ ഷീൽഡായി നിർത്തി അപകടകാരിയായ ആനകളെ മയക്കുവെടി വയ്ക്കാറുണ്ട്.

ട്രാൻസ്പോർട്ട് ടീം ആണ് അവസാനത്തേത്. കുങ്കിയാനകൾ മയക്കുവെടിയേറ്റ ആനയെ വലിച്ചുകൊണ്ടുവന്ന് കയറ്റേണ്ട വണ്ടി വരെ എത്തിക്കുന്നു. ആനയെ കയറ്റികഴിഞ്ഞാൽ അവയെ കൂട്ടിലെത്തിക്കുന്ന വരെയുള്ള ചുമതല ട്രാൻസ്പോർട്ട് ടീമിന്റേതാണ്. തിരക്കുള്ള റോഡിലൂടെയാകാം ആനയെ കയറ്റുന്ന ലോറി പോകുന്നത്, ആനയെ കാണാനും ധാരാളം ആളുകൾ കാത്തുനിൽക്കാൻ സാധ്യതയുണ്ട്. കാണാൻ നിൽക്കുന്ന ആളുകളുടെ സുരക്ഷയും നോക്കേണ്ടതുണ്ട്. ആനയെ കയറ്റിയിരിക്കുന്ന ലോറിയിലെ കൂട് ആനയ്ക്കും സുരക്ഷിതമായിരിക്കണം.

pt-7 tusker, dr arun zacheria,forest, dhoni tusker,mission pt-7
മയക്കുവെടിവച്ച് കൂട്ടിലടച്ച ധോണി (പിടി-7) (ഫൊട്ടോ: എക്സ്പ്രസ്)

കുങ്കിയാന പരിശീലനം ആരംഭിക്കുന്നതെപ്പോൾ?

സെമി-വൈൽഡ് എന്ന പറയാവുന്ന വിഭാഗമാണ് കുങ്കിയാനകൾ. കാട്ടാനകളുടെ ശീലങ്ങളും മറ്റും മനസ്സിലാക്കാൻ അവർക്ക് സാധിക്കും. കാട്ടാനകളെ പിടിക്കാൻ സഹായിക്കുകയെന്നതു നാട്ടാനകൾക്ക് പറ്റുന്ന കാര്യമല്ല. ഒരുപാട് വർഷങ്ങളുടെ പരിശീലനത്തിനുശേഷമാണ് കുങ്കിയാനകളായി കാട്ടാനകൾ മാറുന്നത്. രണ്ടും മൂന്നും വർഷമെടുക്കാം അവയുടെ പരിശീലനം പൂർത്തിയാക്കാൻ. പിടി-7നെ പിടികൂടാൻ എത്തിച്ച കുങ്കിയാനകൾ അതിനു മുൻപ് പല പ്രദേശത്തും ഇത് പോലെ കാട്ടാനകളെ പിടികൂടാൻ സഹായിച്ചിട്ടുണ്ട്.

പരിശീലനത്തിന്റെ ഭാഗമായി ആനകളെ കാട്ടിലേക്കു വിടാറുണ്ട്. അവിടെ മറ്റുള്ള മൃഗങ്ങളുമായി ഇടപെടാനുള്ള അവസരം അവയ്ക്ക് ലഭിക്കും. കാടുമായും ബന്ധം ഉണ്ടാകും. ഇടഞ്ഞുനിൽക്കുന്ന കാട്ടാനകൾ ചിലപ്പോൾ കുങ്കിയാനകളെ കണ്ടാൽ ശാന്തരാകാൻ സാധ്യതയുണ്ട്. അവർ തമ്മിൽ സൗഹൃദത്തിലാക്കുന്ന സാഹചര്യങ്ങൾ മുൻപുണ്ടായിട്ടുണ്ട്. അങ്ങനെയും ചിലപ്പോൾ കാട്ടാനകളെ പിടികൂടാൻ സാധിക്കും. പിടി-7നെ പിടികൂടാനായി മൂന്നു കുങ്കിയാനകളെയാണ് കൊണ്ടുവന്നത്. ഈ ആനകൾ തമ്മിലും നല്ല സൗഹൃദം വേണം. അല്ലെങ്കിൽ അപകടത്തിന്റെ സാധ്യത കൂടുതലാണ്. ഇവർ തമ്മിൽ ഇടഞ്ഞാലും പ്രശ്നമാണ്. അതും ഇത്തരം ദൗത്യങ്ങളിൽ ശ്രദ്ധിക്കേണ്ട ഘടകമാണ്.

പ്രത്യേക പരിശീലനവും പരിചരണവും ലഭിക്കുന്ന കുങ്കിയാനകൾക്കു സാധാരണ ആനകളേക്കാൾ വലുപ്പവും ബുദ്ധിയും ശക്‌തിയുമുണ്ടാകും. കൊമ്പനാനകളെയാണു സാധാരണ കുങ്കിയാനകളായി ഉപയോഗിക്കുക. മുറിവേറ്റു വീഴുന്ന ആനകളെ രക്ഷിക്കാനും നിൽക്കാ‍ൻ ബുദ്ധിമുട്ടുള്ള കാട്ടാനകളെ താങ്ങിനിർത്താനും കുങ്കിയാനകൾ സഹായിക്കും. വന്യജീവി സംരക്ഷണനിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപ് കെണികളിൽപെടുന്ന ആനകളെ മെരുക്കി കുങ്കിയാനകളാക്കി മാറ്റിയിരുന്നു. ഇതു നിരോധിച്ചതോടെ പ്രദേശത്തെ വിറപ്പിക്കുന്ന കാട്ടാനകളെ പിടികൂടി കുങ്കിയാക്കി മാറ്റും. കുങ്കിയാന ആകുന്നതോടെ വനംവകുപ്പിന്റെ ഭാഗമാകും.

മെരുക്കുന്നതിന്റെ ആദ്യപടിയായി യൂക്കാലിപ്റ്റസ് മരംകൊണ്ടു നിർമിച്ച ആനക്കൂട്ടിലടയ്ക്കും. രണ്ടു പാപ്പാന്മാരെ മേൽനോട്ടത്തിനായി നിർത്തും. കൂട്ടിലടയ്ക്കുന്ന ആദ്യനാളുകളിൽ കൂടു തകർ‌ക്കാൻ ഇവർ പരമാവധി ശ്രമിക്കും, ഇപ്പോൾ പിടി-7 ചെയ്യുന്നതു പോലെ. മെരുങ്ങിത്തുടങ്ങുമ്പോൾ പരിശീലനം ആരംഭിക്കും. നാട്ടിലിറങ്ങുന്ന കാട്ടാനകളെ വനത്തിലേക്കു തുരത്താനുള്ള പരിശീലനമാണു പ്രധാനമായും നൽകുന്നത്.

കാട്ടാനകളെ പിടികൂടുമ്പോൾ വടം കഴുത്തിൽ കെട്ടുക, തടികൾ വലിച്ചു മാറ്റുക, ലോറിയിൽ കയറുക എന്നിവയ്ക്കു പരിശീലനം നൽകും. രണ്ടു കാലിൽ നിൽക്കാനും പരിശീലിപ്പിക്കും. പട്ടയ്ക്കു പുറമേ ഈന്തപ്പഴം, പഴം, ചോറ്, മുതിര, ശർക്കര, റാഗി എന്നിവയാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈറ്റമിൻ ഗുളികകളും അണുക്കളെ പ്രതിരോധിക്കാൻ മഞ്ഞൾ പൊടിയും നൽകും.

ഈ മേഖല തിരഞ്ഞെടുക്കാനുള്ള കാരണം? ഇതുവരെ എത്ര ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്?

വെൽഡ് ലൈഫിനോടുള്ള പാഷനാണ് ഈ ഫീൽഡ് തിരഞ്ഞെടുക്കാനുള്ള കാരണം. ഇത് ഇപ്പോഴും ഒരു ഡെവലപ്പിങ് മേഖലയാണ്. ‍ഞാൻ വരുന്ന സമയത്ത് ആകെ മൂന്ന് പോസ്റ്റുകളാണ് ഇതിനായി കേരളത്തിലുണ്ടായിരുന്നത്. ഇപ്പോൾ13 പോസ്റ്റുകൾ ഉണ്ട്. ഇതിന് റഫറൻസ് ബുക്കുകൾ ഒന്നും ഇല്ല. ഓരോ ദിവസവും പുതിയ അനുഭവങ്ങളും പാഠങ്ങളുമാണ്. അങ്ങനെയാണ് ഈ മേഖല മുന്നോട്ട് പോകുന്നത്.

ജോലിയുടെ ആദ്യകാലങ്ങളിലെ അനുഭവങ്ങൾ?

ജോയിൻ ചെയ്ത് സമയത്ത് കൈകാര്യം ചെയ്ത ഒരു കേസാണ് ഇപ്പോഴും മനസ്സിൽ ഉള്ളത്. പൂച്ചപ്പുലിയാണെന്നു കരുതിയാണു ചികിത്സ തുടങ്ങിയത്. മൃഗസംരക്ഷണം പഠിച്ചാലും നമ്മൾ കൂടുതൽ ഇടപ്പെടുന്നത് വളർത്തുമൃഗങ്ങളോടാണ്. മറ്റു മൃഗങ്ങളുമായുള്ള ഇടപെടൽ നടക്കില്ലലോ? മരുന്നു നൽകിയശേഷമാണ് അത് പുള്ളിപ്പുലി കുഞ്ഞാണെന്നു മനസിലാക്കുന്നത്. അതിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. കുഞ്ഞുങ്ങൾക്കു മുതിർന്നവയ്ക്കുള്ള മരുന്ന് കൊടുക്കാൻ പറ്റില്ല. അതൊരു വലിയ പാഠമായിരുന്നു. അതിനുശേഷം അങ്ങനെയൊരു പ്രശ്നം ഉണ്ടാകാതെ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ വളരെ തയാറെടുത്താണ് ചികിത്സ നടത്തുന്നത്. മുൻ മാതൃകകൾ ഇല്ലാത്തതും മരുന്നുകളുടെ കാട്ടുമൃഗങ്ങളിലെ പ്രായോഗിക ഉപയോഗത്തിലെ പരിചയക്കുറവുമായിരുന്നു ആദ്യ കാലങ്ങളിലെ വെല്ലുവിളികൾ.

pt-7 tusker, dr arun zacheria,forest, dhoni tusker,mission pt-7, response team,kumki elephants
പിടി-7 ദൗത്യം പൂർത്തിയാക്കിയ ഡോ.അരുൺ സക്കറിയയെ മന്ത്രി എം.ബി.രാജേഷ് അഭിനന്ദിക്കുന്നു.(ഫൊട്ടോ: ഇൻസ്റ്റഗ്രാം/എം.ബി.രാജേഷ്)

പണ്ടത്തെക്കാൾ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നു. കാട്ടിലെ മാറ്റങ്ങൾ ആണോ കാരണം?

ഹ്യൂമൻ- അനിമൽ, അല്ലെങ്കിൽ ഹ്യൂമൻ-എലിഫന്റ് കോൺഫ്ലിക്റ്റ് പണ്ട് മുതൽ ഉള്ളതാണ്. പണ്ട് അതൊരു വേട്ടക്കാരൻ-ഇര എന്ന രീതിയിലായിരുന്നു. ഇപ്പോൾ അതു മാറി. കാടിന്റെ സ്വഭാവം മാറിയത് അതിന്റെ കാരണങ്ങളിലൊന്നു മാത്രമാണ്. എല്ലാ ആനകളും അങ്ങനെയാണെന്നു പറയാൻ കഴിയില്ല. അപകടകരമായി മാറുന്നവ ചിലതു മാത്രമാണ്. ബാക്കിയുള്ളവ മനുഷ്യന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ കാടിനുള്ളിൽ കഴിയുന്നുണ്ട്.

കാടിലെ ആവാസവ്യവസ്ഥയിൽ വളരെ മാറ്റം സംഭവിച്ചിട്ടുണ്ട്. അധിനിവേശ ചെടികളുടെയും മറ്റും വളർച്ചയും ഇതിൽ പെടുന്നു. ഇവ നശിപ്പിക്കാനോ ഭക്ഷണമാക്കാനോ പറ്റുന്ന ജീവികൾ ഒന്നും കാട്ടിൽ ഉണ്ടാവില്ല. ഇവയുടെ വളർച്ച അങ്ങനെ തടയാൻ സാധിക്കില്ല. ഇവയൊക്കെ ഭയങ്കരമായി തഴച്ചുവളർന്ന അവിടെ വസിക്കുന്ന മൃഗങ്ങളുടെ ജീവിതരീതിയെ ബാധിക്കുന്നു.

വന്യമൃഗങ്ങളോടുള്ള മനുഷ്യരുടെ മനോഭാവത്തിലും മാറ്റം വന്നിട്ടുണ്ട്. പണ്ട് കൃഷി ചെയ്യമ്പോൾ ഇവയുടെ ഒരു ഭാഗം മൃഗങ്ങൾ കൊണ്ടുപോകുമെന്ന കാര്യം അവർക്കു വ്യക്തമായി അറിയാം. ഇപ്പോൾ ആളുകളുടെ കാഴ്ചപ്പാട് മാറി. സഹവർത്തിത്തം എന്ന ആശയത്തിനും മാറ്റം വന്നു. ടൂറിസത്തിന്റെ പേരിൽ നടക്കുന്ന അതിരുവിട്ട പ്രവർത്തനങ്ങൾ മറ്റൊരു കാരണമാണ്. കാടിനു സമീപത്തായി പ്രവർത്തിക്കുന്ന ക്വാറികൾ വന്യമൃഗങ്ങൾക്കു ശല്യം തന്നെയാണ്. ഒരുപാട് ശബ്ദം സഹിക്കാൻ അവർക്കു സാധിക്കില്ല. അത് മൃഗങ്ങൾ അപകടകരമായി പ്രവർത്തിക്കുന്നതിന് കാരണമാകും. ശബ്ദത്തിൽ നിന്നൊഴിയാൻ മറ്റു സ്ഥലങ്ങളിലേക്കു പോകാനും സാധ്യതയുണ്ട്.

പടയപ്പ പോലെയുള്ള ആനകൾ ആദ്യം ഉപദ്രവകാരി ആയിരുന്നില്ല. പെട്ടെന്നുള്ള മാറ്റങ്ങൾ എന്തുകൊണ്ടാണ്?

പടയപ്പ പോലെയുള്ള ആന ആദ്യം നാട്ടുകാർ നൽകുന്നത് എല്ലാം കഴിക്കുമായിരുന്നു. ആളുകളുമായി സഹവാസം ആയപ്പോൾ അതിന്റെ ആളുകളോടുള്ള പേടി മാറി. ഇങ്ങനെയാകുമ്പോൾ ആനയെ പ്രകോപിപ്പിക്കാൻ ചിലർ ശ്രമിക്കും അതോടെ ആനയ്ക്ക് വാശി കൂടും. അപകടകരമായി പെരുമാറാനും തുടങ്ങും. മദപ്പാട് വന്നാൽ അതിന്റെ സ്വഭാവം തന്നെ മാറും. ആക്രമസ്വഭാവത്തിലേക്ക് ആന കടക്കും. അനാവശ്യമായി ഹോണടിച്ചും മറ്റുമുള്ള പ്രകോപനങ്ങൾ ഒഴിവാക്കണം.

dr arun zacheria, forest, rapid response team,
ഡോ.അരുൺ സക്കറിയ സഹപ്രവർത്തകർക്കൊപ്പം.

ഏറ്റവും അപകടകരമായി തോന്നിയ ദൗത്യമേതായിരുന്നു?

ജനുവരിയിലെ തന്നെ രണ്ടാം ദൗത്യമാണിത്. ആദ്യത്തേത് വയനാട്ടിലെ സുൽത്താൻ ബത്തേരിയിലായിരുന്നു. പിഎം-2 എന്നായിരുന്നു അതിന്റെ പേര്. ആ ദൗത്യത്തിനിടെ പരുക്കേറ്റിരുന്നു. മനസാന്നിധ്യം കൈവിടാതിരിക്കണ, അതാണ് ആദ്യമായി ചെയ്യേണ്ടത്. വന്യമൃഗങ്ങളാണ് എപ്പോൾ എങ്ങനെ വേണമെങ്കിലും പ്രവർത്തിക്കാം. അത് മുൻകൂട്ടി കണ്ടു വേണം നമ്മുടെ നീക്കങ്ങളും. അപകട സാധ്യത വളരെ കൂടുതലാണ്.

പലപ്പോഴും ആനകളുടെ മുന്നിലും കടുവകളുടെ മുന്നിലും പെട്ടുപോയിട്ടുണ്ട്. ദൗത്യങ്ങളുടെ ഭാഗമായി പരുക്കേൽക്കുന്നതും പതിവാണ്. നാല് മാസം മുൻപ് പാലപ്പിള്ളിയിലെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത് വളരെ പ്രിയപ്പെട്ടൊരു സഹപ്രവർത്തകനായിരുന്നു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന വയനാട് സ്വദേശി ഹുസൈൻ ആണ് മരിച്ചത്. റാപ്പിഡ് റെസ്പോൺസ് ടീം (ആ‌‌‌‍ർആർടി) അംഗമായിരുന്നു ഹുസൈൻ.

പാലപ്പിള്ളി എസ്റ്റേറ്റിനോട് ചേർന്നുള്ള ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയിൽനിന്ന് രണ്ട് കുങ്കിയാനകളെ കള്ളായി ഗ്രാമത്തിലെ പത്താഴപ്പാറയിലെത്തിച്ചത്. ആന പാപ്പാന്മാരുൾപ്പെടെ പന്ത്രണ്ടംഗ സംഘമാണ് അന്ന് കുങ്കിയാനകൾക്കൊപ്പമുണ്ടായിരുന്നത്. ഈ സംഘത്തിൽ അംഗമായിരുന്നു മരിച്ച ഹുസൈൻ.

കുടുംബം

കോഴിക്കോട് മുക്കം സ്വദേശിയാണ് ഡോ.അരുൺ മണ്ണുത്തി കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിലും ലണ്ടൻ വെറ്ററിനറി കോളജിലുമായാണു പഠനം പൂർത്തിയാക്കിയത്. 1999ൽ വയനാട്ടിലെ മുത്തങ്ങയിൽ അസിസ്റ്റന്റ് വെറ്ററിനറി ഓഫീസറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഇപ്പോൾ റാപ്പിഡ് റസ്പോൺസ് ടീമിന്റെ ചുമതല വഹിക്കുന്നു.

തിരുവനന്തപുരത്താണ് ഓഫിസെങ്കിലും പ്രവർത്തനമേഖല വയനാടാണ്. ചീഫ് വെറ്ററിനറി ഓഫിസറിന്റെ അധിക ചുമതല കൂടെ ഡോ.അരുൺ വഹിക്കുന്നു. ഭാര്യ സിന്ധു വെറ്ററിനറി ഡോക്ടറാണ്. മൂത്ത മകൾ അ‍ഞ്ജലി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറ്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസിൽ (നിംഹാൻസ്) റസിഡന്റാണ്. ഇളയ മകൾ അപർണ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് രണ്ടാം വർഷ വിദ്യാർഥിനിയാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pt 7 and other wild animal mission experiences says dr arun zacheria